ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മലേറിയ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ഇടുക്കി: ജില്ലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അടിയന്തര ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വർഷം ഇതുവരെ 303 പേർക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തൊഴിലാളികളിൽ രോഗം കൂടുതലായി കണ്ടുവരുന്നതിനാൽ, ജില്ലയിൽ പുതുതായി എത്തുന്ന എല്ലാ അതിഥി തൊഴിലാളികളെയും എത്തി മൂന്ന് ദിവസത്തിനുള്ളിൽ സ്‌ക്രീനിംഗിന് വിധേയരാക്കി എന്ന് ഏജന്റുമാരും തൊഴിലുടമകളും ഉറപ്പുവരുത്തണം. തൊഴിലാളികളുടെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകരുമായി പങ്കുവെക്കുകയും സ്‌ക്രീനിംഗ് സമയബന്ധിതമായി പൂർത്തിയാക്കുകയും വേണം.

പനി, വിറയൽ, തലവേദന, ശരീരവേദന, അമിത ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന തൊഴിലാളികൾ ചികിത്സ വൈകിക്കാതെ ഉടൻ സമീപത്തെ സർക്കാർ ആരോഗ്യ സ്ഥാപനത്തിൽ എത്തി പരിശോധന നടത്തേണ്ടതാണ്. മലേറിയ പരിശോധനയും ചികിത്സയും എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും പൂർണ്ണമായും സൗജന്യമായി ലഭ്യമാണ്. മൂന്ന് ദിവസം മുതൽ 14 ദിവസം വരെ നീണ്ടുനിൽക്കുന്ന ചികിത്സകൊണ്ട് രോഗം പൂർണ്ണമായും ഭേദമാക്കാം. പനിയുള്ളവർ സ്വയം ചികിത്സ ഒഴിവാക്കണമെന്നും രോഗബാധ സ്ഥിരീകരിച്ചാൽ കൊതുകുവല നിർബന്ധമായും ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു. അതിഥി തൊഴിലാളികളെ എത്തിക്കുന്ന വാഹന ഉടമകൾ തൊഴിലാളികളുടെ വിശദാംശങ്ങൾ നിർബന്ധമായും ആരോഗ്യവകുപ്പിന് കൈമാറണം.

തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. മലേറിയ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലുടനീളം ശക്തമായ രോഗനിരീക്ഷണം, സ്‌ക്രീനിംഗ്, കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ, ബോധവൽക്കരണം എന്നിവ ആരോഗ്യ വകുപ്പ് തുടരുകയാണ്. പൊതുജനങ്ങളും തൊഴിലുടമകളും കോൺട്രാക്ടർമാരും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും നിയന്ത്രണ പ്രവർത്തനങ്ങളോട് പൂർണ്ണമായി സഹകരിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *