കോളേജ് വിദ്യാർത്ഥികൾക്കായി റെഡ് റൺ മാരത്തൺ സംഘടിപ്പിച്ചു

ഇടുക്കി: കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്ഐവി എയ്ഡ്‌സ് ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി റെഡ് റൺ മാരത്തൺ മത്സരം സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസ്, നാഷണൽ സർവീസ് സ്‌കീം, ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ഇടുക്കി ജില്ലാ കളക്ടറേറ്റ് ബസ് സ്റ്റോപ്പിൽ നിന്ന് ആരംഭിച്ച അഞ്ച് കിലോമീറ്റർ മാരത്തൺ ഇടുക്കി എഎസ്പി മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. 17 മുതൽ 24 വയസ്സ് വരെ പ്രായമുള്ള കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി 80-ലധികം കുട്ടികൾ പങ്കെടുത്തു.

പുരുഷ വിഭാഗത്തിൽ കോതമംഗലം എംഎ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആരോമൽ ഒന്നാം സ്ഥാനവും, മുരിക്കാശ്ശേരി പാവനാത്മാ കോളേജിലെ നവനീത് രണ്ടാം സ്ഥാനവും, ഇടുക്കി ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ അർജുൻ പ്രമോദ് മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജിലെ ആന് മരിയ ജോൺ ഒന്നാം സ്ഥാനവും, കട്ടപ്പന ഗവൺമെന്റ് കോളേജിലെ ബ്ലെസ്സി ബെന്നി, നിമിഷ പ്രസന്നൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വിജയികൾക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ നൽകി.

ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഐപ് ജോസഫ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സിബി ജോർജ്, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. അജീഷ് കൃഷ്ണൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നവാസ് ടി. ഒ, എആർടി മെഡിക്കൽ ഓഫീസർ ഡോ. ഷാമോൻ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ദീപ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിഷാദ് തുടങ്ങി ആരോഗ്യ വകുപ്പിലെയും വിവിധ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *