മണ്ഡലകാലത്തിന് തുടക്കം; ശബരിമലയിൽ ദർശനം തുടങ്ങി, സന്നിധാനം ഭക്തിസാന്ദ്രം

ശബരിമല: വൃശ്ചികപ്പുലരിയിൽ ശരണംവിളികളാൽ മുഖരിതമായി ശബരിമല സന്നിധാനം. മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തിന് തുടക്കമിട്ട് ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ പുതിയ മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി നടതുറന്നു. ഇതോടെ മണ്ഡലകാലത്തെ നിത്യപൂജകളും നെയ്യഭിഷേകവും ദർശനവും ആരംഭിച്ചു.

തിങ്കളാഴ്ച വൈകിട്ട് നാലിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചത്. തുടർന്ന് കന്നിമൂല ഗണപതിയുടെ നടയും തുറന്നു. പിന്നീട് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്നി പകർന്നു.

പതിനെട്ടാംപടിക്കു താഴെ കാത്തുനിന്ന നിയുക്ത മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും സോപാനത്തേക്ക് ആനയിച്ചു. ഇരുവരുമാണ് ആദ്യം പതിനെട്ടാംപടി ചവിട്ടിയത്. തുടർന്ന് അവരോധച്ചടങ്ങുകളും നടന്നു. മണ്ഡലാരംഭദിനമായ ചൊവ്വാഴ്ച മുതൽ പുതിയ മേൽശാന്തിമാരാണ് ഇരു ക്ഷേത്രങ്ങളിലും നടതുറക്കുന്നത്.

ദർശനത്തിനായി ഇന്ന് 60,000 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്. സ്പോട്ട് ബുക്കിങ് ഉൾപ്പെടെ ഏകദേശം 80,000 തീർഥാടകർ ഇന്ന് ശബരിമലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്ന മന്ത്രി കെ. മുരളീധരൻ രാവിലെ എട്ടിന് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കും. 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി സൂക്ഷിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

സത്രം–പുല്ലുമേട് കാനനപാത വഴി രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ അയ്യപ്പഭക്തരെ കടത്തിവിടും.

ദിവസേന പരമാവധി 80,000 തീർഥാടകർക്ക് ദർശനം അനുവദിക്കാനാണ് ക്രമീകരണം. വെർച്വൽ ക്യൂ ബുക്കിങ്ങിനും സ്പോട്ട് ബുക്കിങ്ങിനും പ്രത്യേക സംവിധാനങ്ങളുണ്ട്. പമ്പയിൽ സ്പോട്ട് ബുക്കിങ് അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *