ഡൽഹിയിൽ മന്ത്രിയുടെ ഓഫിസിന് സമീപം വെടിവയ്പ്; 20 റൗണ്ടോളം വെടിയുതിർത്തു, യുവാവ് കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ഓഫിസിന് സമീപം ബൈക്കിലെത്തിയ രണ്ടംഗ സംഘം നടത്തിയ വെടിവയ്പിൽ യുവാവ് കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ്, സോണിയ വിഹാർ മേഖലയിലെ സീറോ പുസ്റ്റയ്ക്കു സമീപം തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മുസ്തഫാബാദ് സ്വദേശിയായ സമീർ (26) ആണ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ട് 5.30ഓടെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സമീറിനെ പിന്നിൽനിന്നെത്തിയ ബൈക്കിലെ രണ്ടുപേർ വെടിവയ്ക്കുകയായിരുന്നു. ഏകദേശം 15 മുതൽ 20 റൗണ്ട് വരെ വെടിയുതിർത്തതായാണ് പ്രാഥമിക വിവരം. ഒന്നിലധികം വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറിയ സമീറിനെ കൂടെയുണ്ടായിരുന്ന റിസ്‌വാൻ സിവിൽ ലൈൻസിലെ ട്രോമ സെന്ററിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവത്തിൽ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്രൈം ടീം, ഫൊറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘം എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പ്രതികളെ തിരിച്ചറിയുന്നതിനും ഇവർ രക്ഷപ്പെട്ട വഴി കണ്ടെത്തുന്നതിനുമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. വെടിവച്ചയാളെ തിരിച്ചറിഞ്ഞതായും പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.

വ്യക്തിവൈരാഗ്യവും പഴയ തർക്കങ്ങളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സൂചന. രണ്ട് പഴയ പരിചയക്കാർ തമ്മിലുള്ള വ്യക്തിപരമായ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നും രാഷ്ട്രീയ ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *