സീറ്റിൽ: അമേരിക്കയിലെ സീറ്റിലിൽ ഇന്ത്യൻ മാമ്പഴങ്ങളുടെ പ്രചാരണവും രുചി പ്രദർശനവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘മാംഗോ മാജിക് ഫെസ്റ്റിവലിന്റെ’ രണ്ടാം പതിപ്പ് വൻ വിജയമായി. ഇന്ത്യൻ പഴങ്ങളുടെ നൂറിലധികം പ്രമുഖ ഇറക്കുമതിക്കാരും, പ്രശസ്ത യു.എസ് റീട്ടെയിൽ ശൃംഖലയായ ‘കോസ്റ്റ്കോ’ (Costco) ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങളുടെ മുതിർന്ന പ്രതിനിധികളും മേളയിൽ പങ്കെടുത്തു.
പ്രദർശനത്തിന് വെച്ചിരുന്ന ഇന്ത്യയിലെ ഏഴ് പ്രീമിയം ഇനം മാമ്പഴങ്ങൾ പ്രതിനിധികൾ രുചിച്ചറിഞ്ഞു. മഹാരാഷ്ട്രയിൽ നിന്നുള്ള അൽഫോൻസോ, കേസർ, ആന്ധ്രാപ്രദേശിൽ നിന്നുള്ള ബംഗനപ്പള്ളി, ഹിമായത്, ഉത്തർപ്രദേശിൽ നിന്നുള്ള ലംഗ്ഡ, ദസ്സേരി, ഗുജറാത്തിൽ നിന്നുള്ള പഴുത്ത രാജാപുരി എന്നീ പ്രമുഖ ഇനങ്ങളാണ് മേളയിൽ പ്രധാന ആകർഷണമായത്. ഇന്ത്യൻ മാമ്പഴങ്ങളുടെ തനത് രുചിയും ഗുണമേന്മയും അമേരിക്കൻ വിപണിയിൽ കൂടുതൽ സജീവമാക്കാൻ ഈ മേള സഹായിക്കുമെന്നാണ് വിലയിരുത്തൽ

