ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) തിങ്കളാഴ്ച പാർലമെന്റിലേക്ക് മാർച്ച് നടത്തും. ‘ചലോ സൻസദ്’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രതിഷേധറാലി രാവിലെ 9 മണിക്ക് ജന്തർ മന്തറിൽ നിന്ന് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ പ്രതിഷേധവേദിയിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി വിദ്യാർഥികൾ, യുവാക്കൾ, രക്ഷിതാക്കൾ എന്നിവരടക്കം വലിയ ജനക്കൂട്ടം ജന്തർ മന്തറിലെ സമരവേദിയിലെത്തിയതായി റിപ്പോർട്ടുണ്ട്.
മാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജന്തർ മന്തറിലും പാർലമെന്റ് പരിസരത്തും അധിക പൊലീസ് സേനയെ വിന്യസിക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും വാഹനപരിശോധന കർശനമാക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മേഖലകളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ചിന് അനുമതി നിഷേധിച്ച സാഹചര്യത്തിൽ പ്രതിഷേധക്കാർ മുന്നോട്ട് പോയാൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന. അടിയന്തര സാഹചര്യം നേരിടാൻ കണ്ണീർവാതക സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

