സിഡ്നി: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളായ ‘പാർട്ണർഹെഡ് ഹെൽത്ത്’ ശൃംഖലയ്ക്ക് നേരെ ഉണ്ടായ സൈബർ ആക്രമണത്തിൽ ആയിരക്കണക്കിന് രോഗികളുടെ ചികിത്സാ വിവരങ്ങളും വ്യക്തിഗത രേഖകളും ചോർന്നു. സിഡ്നി, മെൽബൺ, കാൻബറ തുടങ്ങിയ പ്രധാന നഗരങ്ങളിലെ 21 ക്ലിനിക്കുകളെയാണ് ഈ മാസം ഉണ്ടായ ഹാക്കിങ് ഗുരുതരമായി ബാധിച്ചത്.
രോഗികളുടെ പേര്, വിലാസം, ജനനത്തീയതി, ഫോൺ നമ്പർ എന്നിവയ്ക്ക് പുറമെ ഇൻഷുറൻസ് വിവരങ്ങൾ, മെഡിക്കെയർ കാർഡ് നമ്പറുകൾ എന്നിവയും ഹാക്കർമാർ കവർന്നു. ഇതിലും ആശങ്കാജനകമായ കാര്യം, ഡോക്ടർമാർ കുറിച്ച കൺസൾട്ടേഷൻ കുറിപ്പുകൾ, രോഗനിർണ്ണയ ഫലങ്ങൾ, ലബോറട്ടറി പരിശോധനാ റിപ്പോർട്ടുകൾ അടക്കമുള്ള അതീവ രഹസ്യമായ മെഡിക്കൽ വിവരങ്ങളും ചോർന്നിട്ടുണ്ട് എന്നതാണെന്ന് കമ്പനി സ്ഥിരീകരിച്ചു.
സംഭവത്തിൽ തങ്ങളുടെ ഉപഭോക്താക്കളോട് പാർട്ണർഹെഡ് ഹെൽത്ത് ഔദ്യോഗികമായി ക്ഷമാപണം നടത്തി. വിവരങ്ങൾ ചോർത്തിയ ഹാക്കർമാർ ഇത് ദുരുപയോഗം ചെയ്യുകയോ ഇന്റർനെറ്റിൽ പരസ്യപ്പെടുത്തുകയോ ചെയ്യാതിരിക്കാൻ കമ്പനി ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതിയിൽ നിന്നും അടിയന്തര സ്റ്റേ ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. കൂടാതെ ഓസ്‌ട്രേലിയൻ സൈബർ സെക്യൂരിറ്റി സെന്റർ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ വിവരമറിയിച്ച് അന്വേഷണം ഊർജ്ജിതമാക്കി.
അഞ്ച് മില്യണിലധികം ആളുകൾക്ക് സേവനം നൽകുന്ന ഈ വൻകിട മെഡിക്കൽ ഗ്രൂപ്പിനെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ‘ബൂപ’ ഏറ്റെടുക്കാൻ ഇരിക്കെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി. ഓസ്‌ട്രേലിയയിൽ അടുത്തിടെയായി കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങൾ വൻതോതിൽ വർദ്ധിച്ചുവരികയാണ്. ഇതിനു മുൻപ് പ്രമുഖ വിമാനക്കമ്പനിയായ ക്വാണ്ടാസിന് (Qantas) നേരെയുണ്ടായ ഹാക്കിങ്ങിൽ 57 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്ന് ഡാർക്ക് വെബിൽ എത്തിയത് വലിയ വാർത്തയായിരുന്നു

