സിഡ്നി: അറുപതിലധികം ചൈൽഡ് കെയർ സെന്ററുകളിലായി കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വിചാരണ നേരിടുന്ന പ്രതിക്കെതിരെയുള്ള അന്വേഷണം സൗത്ത് ഓസ്‌ട്രേലിയയിലെ വിദൂര പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. 35-കാരനായ ഹമീഷ് ടൈറ്റ് എന്ന പ്രതിക്കെതിരെ 2009-നും 2025-നും ഇടയിലുള്ള കാലയളവിൽ നടന്ന പീഡനങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ 329 ചാർജുകളാണ് ചുമത്തിയിരിക്കുന്നത്.
ബാലപീഡന ദൃശ്യങ്ങൾ നിർമ്മിച്ചതുമായി ബന്ധപ്പെട്ട 162 കുറ്റങ്ങൾ, കുട്ടികളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ട 81 കുറ്റങ്ങൾ, ദൃശ്യങ്ങൾ നിർമ്മിക്കാൻ 14 വയസ്സിൽ താഴെയുള്ള കുട്ടികളെ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട 24 കുറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പീഡനത്തിനിരയായ 136 കുട്ടികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും 22 ഓളം കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. 2025 ജൂലൈയിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് 25 ലക്ഷത്തോളം അശ്ലീല ഫയലുകൾ പിടിച്ചെടുത്തതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാൾ കസ്റ്റഡിയിലാണ്.
കേസ് അന്വേഷിക്കുന്ന ഫെഡറൽ പോലീസ് ‘ഓപ്പറേഷൻ മൂൻബി’ എന്ന പേരിൽ പ്രത്യേക വെബ്സൈറ്റ് രൂപീകരിക്കുകയും പ്രതി ജോലി ചെയ്തിരുന്നതോ സന്ദർശിച്ചിരുന്നതോ ആയ 55 ശിശുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം സ്ഥാപനങ്ങളും സിഡ്നിയിലാണ്. എന്നാൽ, നിലവിൽ സൗത്ത് ഓസ്‌ട്രേലിയയിൽ പ്രതിക്കെതിരെ കേസുകളൊന്നും ഫയൽ ചെയ്തിട്ടില്ലെങ്കിലും, അവിടുത്തെ ഒരു വിദൂര ഗോത്രവർഗ്ഗ മേഖലയിലെ പ്രി-സ്കൂളും ഈ അന്വേഷണ പരിധിയിലുള്ള ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത് പ്രദേശത്ത് വലിയ രീതിയിലുള്ള ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും എന്തെങ്കിലും വിവരങ്ങൾ കൈമാറാനുണ്ടെങ്കിൽ പോലീസിനെ അറിയിക്കണമെന്ന് ഫെഡറൽ പോലീസ് കമാൻഡർ ലൂക്ക് നീധം അഭ്യർത്ഥിച്ചു. കുട്ടികളുടെ അവകാശങ്ങളും വിശ്വാസ്യതയും തകർത്തുകൊണ്ട് നടത്തിയ ഈ ക്രൂരതകൾ ഇരകളായ കുട്ടികളിലും അവരുടെ കുടുംബങ്ങളിലും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന വലിയ മാനസിക ആഘാതങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

