സിഡ്നി: സിഡ്നി നഗരമധ്യത്തിൽ പള്ളിമുറിയായിരുന്ന കെട്ടിടത്തിൽ പുതുതായി ആരംഭിച്ച ക്വീർ സൗഹൃദ ആർട്സ് തിയേറ്ററായ ‘ഡിവൈൻ പ്ലേഹൗസ്’ (Divine Playhouse) അടച്ചുപൂട്ടാൻ ഭൂവുടമകളുടെ നോട്ടീസ്. ഉദ്ഘാടന ദിവസത്തെ നാടകങ്ങൾ തങ്ങളുടെ മതവിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ച് ക്രിസ്ത്യൻ മതസംഘടനകൾ രംഗത്തെത്തിയതിന് പിന്നാലെയാണ് ഭൂവുടമകളായ ‘കെ.സി.എസ്.വൈ.ഡി’ ഗ്രൂപ്പ് തിയേറ്റർ ഉടൻ അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയത്. ഇതോടെ നിശ്ചയിച്ചിരുന്ന നിരവധി പരിപാടികൾ റദ്ദാക്കേണ്ടി വന്നതായും ഇതിനെതിരെ നിയമപരമായ വഴി തേടുമെന്നും തിയേറ്റർ സംഘാടകരായ ‘ഹീപ്സ് ഗേ ഇവന്റ്സ്’അറിയിച്ചു.
പതിറ്റാണ്ടുകൾക്ക് മുൻപ്, അതായത് 1930-കളിൽ തന്നെ വിശുദ്ധീകരണം ഒഴിവാക്കി പള്ളി എന്ന പദവിയിൽ നിന്നും മാറ്റിയ കെട്ടിടമാണിത്. അതിനുശേഷം ഭൂരിഭാഗം കാലവും ഇതൊരു തിയേറ്ററായാണ് പ്രവർത്തിച്ചിരുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങൾക്കായി ഒരു സുരക്ഷിത കലാ ഇടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു വർഷത്തെ ലീസ് കരാറിൽ ഹീപ്സ് ഗേ ഇവന്റ്സ് ഇവിടെ പുതിയ പദ്ധതി ആരംഭിച്ചത്. എന്നാൽ, ഉദ്ഘാടന വേദിയിൽ കന്യാസ്ത്രീകളുടെ വേഷം ധരിച്ച ഡ്രാങ് ക്വീനുകളും പന്നിയുടെ വേഷം ധരിച്ച് വിശുദ്ധ കുർബാനയെ പരിഹസിക്കുന്ന രീതിയിൽ ഫ്രഞ്ച് ഫ്രൈസ് വിതരണം ചെയ്ത പെർഫോമറും തങ്ങളുടെ വിശ്വാസത്തെ അവഹേളിച്ചുവെന്നാണ് ക്രിസ്ത്യൻ സംഘടനകളുടെ ആക്ഷേപം. ഇതിന് പിന്നാലെ ‘മതവിശ്വാസത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം’ എന്ന് കാണിച്ച് ഭൂവുടമകൾ സംഘാടകർക്ക് കത്ത് നൽകുകയായിരുന്നു.
ഈ വിവാദങ്ങളെ തുടർന്ന് തിയേറ്ററിനായി സർക്കാർ നൽകിയ ഒരു ലക്ഷം ഡോളറിന്റെ ഗ്രാന്റ് തിരിച്ചു വിളിക്കണമെന്ന് ക്രൈസ്തവ കൂട്ടായ്മകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ തിയേറ്ററിന്റെ സോഷ്യൽ മീഡിയ പേജുകൾ മെറ്റാ താല്ക്കാലികമായി ബ്ലോക്ക് ചെയ്യുകയും ചെയ്തു. ആദ്യം ‘അൺഹോളി പ്ലേഹൗസ്’ എന്ന പേരിട്ടപ്പോൾ തന്നെ ഉയർന്ന എതിർപ്പുകൾ മാനിച്ച്, നല്ല ഉദ്ദേശത്തോടെയാണ് പേര് ‘ഡിവൈൻ പ്ലേഹൗസ്’ എന്ന് തിരുത്തിയതെന്നും കലയിലൂടെ ആശയങ്ങളെയും ചിന്തകളെയും ചോദ്യം ചെയ്യുകയെന്നത് ജനാധിപത്യ സമൂഹത്തിന്റെ ഭാഗമാണെന്നും തിയേറ്റർ സ്ഥാപക കാറ്റ് ഡോപ്പർ വ്യക്തമാക്കി. 1500-ലധികം കലാകാരന്മാർക്കും അണിയറപ്രവർത്തകർക്കും ഉപജീവനമാകേണ്ട ഈ ഇടം തിരികെ തുറക്കാനായി ആവശ്യമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു.

