ക്യാൻബറ: വിസ അപേക്ഷകർക്ക് തെറ്റായ വിവരങ്ങൾ നൽകുകയും നിയമവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന മൈഗ്രേഷൻ ഏജന്റുമാർക്കെതിരെ നടപടി ശക്തമാക്കി ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ. മൈഗ്രേഷൻ മേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഏജന്റ് ജുജ്ഹാർ ബജ്‌വയുടെ (Jujhar Bajwa) രജിസ്‌ട്രേഷൻ അഞ്ച് വർഷത്തേക്ക് റദ്ദാക്കി.
വിസ അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തുക, ആഭ്യന്തര വകുപ്പിനെ അറിയിക്കാതെ ക്ലയന്റുകൾക്ക് ഇമിഗ്രേഷൻ സഹായം നൽകുക തുടങ്ങിയ ഗൗരവകരമായ ക്രമക്കേടുകൾ അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ‘ഒമാര’ (OMARA) നടപടിയെടുത്തത്. എന്നാൽ ഈ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞ ബജ്‌വ, തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മൈഗ്രേഷൻ നിയമങ്ങളിലെ പഴുതുകൾ അടച്ചുകൊണ്ട് ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് പുതിയ പരിഷ്കാരങ്ങൾ (Migration Agents Regulations 2026) പ്രാബല്യത്തിൽ വന്നിരുന്നു. ഏജന്റുമാർക്ക് ഓരോ വർഷവും ധാർമ്മിക മാനദണ്ഡങ്ങളിൽ പ്രത്യേക പരിശീലനം നിർബന്ധമാക്കുന്നതിനൊപ്പം, വ്യാജ രേഖകൾ നൽകുന്നവർക്ക് കടുത്ത പിഴയും വിലക്കും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. മുൻപ് രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ടവർ കുടുംബാംഗങ്ങളുടെ പേരിൽ സ്ഥാപനങ്ങൾ നടത്തുന്ന രീതിക്കും പുതിയ നിയമത്തോടെ തടയിട്ടിരിക്കുകയാണ്.
അനാവശ്യമായ വിസ തട്ടിപ്പുകൾ തടയുന്നതിനും യോഗ്യരായ അപേക്ഷകർക്ക് കൃത്യമായ സഹായം ഉറപ്പാക്കാനുമാണ് ഈ നീക്കമെന്ന് അസിസ്റ്റന്റ് മിനിസ്റ്റർ ജൂലിയൻ ഹിൽ പറഞ്ഞു. ഏപ്രിൽ മാസത്തിൽ മാത്രം മൂന്ന് ഇന്ത്യൻ വംശജർ ഉൾപ്പെടെ അഞ്ച് ഏജന്റുമാർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഏജന്റുമാരെ സമീപിക്കുന്നതിന് മുൻപ് അവർക്ക് ‘ഒമാര’യുടെ അംഗീകാരമുണ്ടോ എന്ന് ഔദ്യോഗിക വെബ്‌സൈറ്റ് (www.mara.gov.au) വഴി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

