മേപ്പാടി ദുരന്തം: സുരക്ഷാ വീഴ്ചയും അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതായി ആരോപണം

കൽപ്പറ്റ: വയനാട് മേപ്പാടി–കള്ളാടി–ആനക്കാംപൊയിൽ തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളിലെ വീഴ്ചയും തുരങ്കത്തിനായി പാറ തുരന്നതിന് ശേഷം നീക്കം ചെയ്ത മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതുമാണ് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതെന്ന ആരോപണം ശക്തമാകുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രദേശത്ത് 265 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ശക്തമായ മഴയും സമീപ പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ സാധ്യതയും കണക്കിലെടുത്ത് നിർമാണ സ്ഥലത്ത് കൂമ്പാരമായി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം ഉൾപ്പെടെ നിർദേശം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ നിർമാണച്ചുമതലയുള്ള സ്ഥാപനമായ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് ഈ നിർദേശം പാലിച്ചില്ലെന്നാണ് ആരോപണം.

സമയബന്ധിതമായി മണ്ണ് നീക്കം ചെയ്തിരുന്നെങ്കിൽ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനാകുമായിരുന്നുവെന്നാണ് വിലയിരുത്തൽ. മണ്ണിടിച്ചിലിൽ സമീപത്തെ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായതോടൊപ്പം കള്ളാടിയിലെ മസ്ജിദും പൂർണമായും തകർന്നു. സംഭവത്തിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *