വെസ്റ്റേൺ സിഡ്നിയിലെ പ്രവാസികൾക്ക് കൈത്താങ്ങായി പാരമാറ്റയിൽ ‘മൈഗ്രേഷൻ ഹബ്ബ്’ തുറന്നു; മൈഗ്രേഷൻ നിയമനടപടികൾ ഇനി കൂടുതൽ എളുപ്പമാകും

സിഡ്നി: വെസ്റ്റേൺ സിഡ്നിയിൽ താമസിക്കുന്ന വിദേശികൾക്കും കുടിയേറ്റക്കാർക്കും നിയമസഹായങ്ങളും കോടതി സേവനങ്ങളും ഇനി കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. ഫെഡറൽ സർക്യൂട്ട് ആൻഡ് ഫാമിലി കോർട്ട് ഓഫ് ഓസ്‌ട്രേലിയയുടെ (Federal Circuit and Family Court of Australia) പാരമാറ്റ രജിസ്ട്രിയിലാണ് പുതിയ ‘മൈഗ്രേഷൻ ഹബ്ബ്’ (Migration Hub) പ്രവർത്തനമാരംഭിച്ചത്. കുടിയേറ്റവുമായി (Migration) ബന്ധപ്പെട്ട നിയമനടപടികൾ നേരിടുന്നവർക്ക് തങ്ങളുടെ താമസസ്ഥലത്തിന് തൊട്ടടുത്ത് തന്നെ നേരിട്ടെത്തി സേവനങ്ങൾ പ്രയോജനപ്പെടുത്താം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.

പുതിയ മൈഗ്രേഷൻ ഹബ്ബിൽ ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ:

1.മൈഗ്രേഷൻ കേസുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ നേരിട്ട് സമർപ്പിക്കാനുള്ള സൗകര്യം (In-person filing)

2.സാംസ്കാരികവും ഭാഷാപരവുമായ സഹായങ്ങൾക്കായി കൾച്ചറൽ ലെയ്സൺ ഓഫീസർമാരുടെ (Cultural Liaison Officers) സേവനം

3.മൈഗ്രേഷൻ ക്ലയന്റ് സർവീസ് ഓഫീസർമാരുടെ നേരിട്ടുള്ള പിന്തുണ

4.പ്രത്യേക മീറ്റിംഗ് റൂമുകളും കോടതി സഹായ സേവനങ്ങളും

അറ്റോർണി ജനറൽ മിഷേൽ റൗലാൻഡ് (Attorney-General Michelle Rowland), ചീഫ് ജസ്റ്റിസ് വില്യം അൽസ്റ്റർഗ്രെൻ (Chief Justice William Alstergren AO) എന്നിവർ വിവിധ നിയമ-ബഹുസംസ്കാരിക സമുദായ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഹബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വെസ്റ്റേൺ സിഡ്നിയിലെ വൈവിധ്യമാർന്ന സംസ്കാരങ്ങളിലും ഭാഷകളിലും പെട്ട ജനവിഭാഗങ്ങൾക്ക് നീതിന്യായ വ്യവസ്ഥയും കോടതി സേവനങ്ങളും കൂടുതൽ ലളിതമായും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഹബ്ബ് ആരംഭിച്ചിരിക്കുന്നതെന്ന് കോടതി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *