മെൽബൺ: ഓസ്‌ട്രേലിയയിലെ 28 ലക്ഷത്തോളം വരുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ദേശീയ കുറഞ്ഞ വേതനത്തിൽ 4.75 ശതമാനത്തിന്റെ വർദ്ധനവിന് ഫെയർ വർക്ക് കമ്മീഷൻ അംഗീകാരം നൽകി. ഇതനുസരിച്ച് കുറഞ്ഞ വേതനം ആഴ്ചയിൽ 1,004.90 ഓസ്‌ട്രേലിയൻ ഡോളറായോ (A$) അല്ലെങ്കിൽ മണിക്കൂറിന് 26.44 ഓസ്‌ട്രേലിയൻ ഡോളറായോ ഉയരും. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കുറഞ്ഞ വേതനം ആഴ്ചയിൽ 1,000 ഡോളർ കടക്കുന്നത്. നിലവിൽ ഇത് ആഴ്ചയിൽ 948 ഡോളറാണ്.
ഓസ്‌ട്രേലിയയിലെ ഇപ്പോഴത്തെ വാർഷിക പണപ്പെരുപ്പ നിരക്കായ 4.2 ശതമാനത്തേക്കാൾ കൂടുതലാണ് പ്രഖ്യാപിക്കപ്പെട്ട ഈ വേതന വർദ്ധനവ്. കോവിഡിന് ശേഷമുണ്ടായ പണപ്പെരുപ്പത്തിന്റെ ആഘാതത്തിൽ നിന്ന് തൊഴിലാളികൾ ഇനിയും കരകയറിയിട്ടില്ലെന്നും അതിനാൽ 6 ശതമാനം വർദ്ധനവ് വേണമെന്നു മായിരുന്നു ട്രേഡ് യൂണിയനുകളുടെ ആവശ്യം. എന്നാൽ യൂണിയനുകളുടെ ഈ ആവശ്യത്തേക്കാൾ കുറവാണ് ഇപ്പോഴത്തെ പ്രഖ്യാപനം. ജൂൺ അവസാനത്തോടെ രാജ്യത്തെ പണപ്പെരുപ്പം 4.8 ശതമാനത്തിലെത്തുമെന്ന് സെൻട്രൽ ബാങ്ക് പ്രവചിച്ചിട്ടുണ്ട്. ഉയർന്ന വേതന വർദ്ധനവ് ഉപഭോക്തൃ വിലക്കയറ്റത്തിന്മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തിയേക്കാമെന്ന് ചില സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
മുൻവർഷത്തെ 3.5 ശതമാനം പരിഷ്‌കരണത്തേക്കാളും, 2024-ൽ അനുവദിച്ച 3.75 ശതമാനം വർദ്ധനവിനേ ക്കാളും വലുതാണ് ഇത്തവണത്തെ ഈ 4.75 ശതമാനത്തിന്റെ വേതന വർദ്ധനവ്. പുതിയ നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും

