പട്ടികജാതി കുടുംബങ്ങൾക്ക് സുരക്ഷിതഭവന പദ്ധതി നടപ്പാക്കും: മന്ത്രി കെ.എ. തുളസി

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിലെ ഭവനരഹിതർക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ.എ. തുളസി അറിയിച്ചു. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭവനരഹിതർക്കും വാസയോഗ്യമല്ലാത്ത വീടുകളിൽ കഴിയുന്നവർക്കും സുരക്ഷിതമായ ഭവനം നിർമിച്ചു നൽകുകയാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പതിനായിരം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആദ്യ നൂറുദിന കർമപരിപാടി വിജയകരമായി പൂർത്തിയാക്കിയെന്നും എന്തെങ്കിലും ന്യൂനതകൾ കണ്ടെത്തിയാൽ അവ സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പട്ടികജാതി വികസന വകുപ്പ് ‘ദാക്ഷായണി സ്വയംതൊഴിൽ സഹായ പദ്ധതി’ നടപ്പാക്കുന്നതായും മന്ത്രി അറിയിച്ചു. മൂന്നുമുതൽ പതിനഞ്ചുവരെ വീടുകളുള്ള ഉന്നതികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ‘പഞ്ചമി ഗ്രാമം’ പദ്ധതിയും നടപ്പിലാക്കും. ഇതിന്റെ പൈലറ്റ് പ്രോജക്റ്റായി ജില്ലയിലെ മുനിക്കുന്ന്, കക്കാട് ഉന്നതികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. കൂടാതെ, ഉന്നതി സ്‌കോളർഷിപ്പിലൂടെ വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് അവസരമൊരുക്കാൻ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *