എരുത്തേമ്പതി: റവന്യൂ വകുപ്പിന്റെ മുഖം വില്ലേജ് ഓഫീസുകളാണെന്നും സാധാരണക്കാർക്ക് ഇവിടെനിന്ന് ലഭിക്കുന്ന സേവനങ്ങൾ കൂടുതൽ മികവുറ്റതാകണമെന്നും റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. എരുത്തേമ്പതി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും സൗന്ദര്യത്തിനുമൊപ്പം പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ഓഫീസുകളിലെത്തുന്നവരോട് സൗഹൃദപരവും സുതാര്യവുമായ സമീപനം ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും, സേവനങ്ങൾ വേഗത്തിലും സുഗമമായും ജനങ്ങളിലേക്ക് എത്തിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
45 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസറുടെ മുറി, പ്രധാന ഓഫീസ് ഹാൾ, റെക്കോർഡ് റൂം, സന്ദർശകർക്കുള്ള കാത്തിരിപ്പ് കേന്ദ്രം, ഡൈനിങ് മുറി, ശുചിമുറികൾ, ഫർണിച്ചറുകൾ എന്നിവ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ ഭിന്നശേഷി സൗഹൃദമായി റാംപ്, ഹാൻഡ് റെയിൽ, ടാക്ടൈൽ ടൈലുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ സുമേഷ് അച്യുതൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ഇൻ-ചാർജും എ.ഡി.എമ്മുമായ എ. അബ്ദുൾ ലത്തീഫ്, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ, എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ, ആർ.ഡി.ഒ കെ. ദേവകി എന്നിവരും മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

