തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ നിലപാട് വീണ്ടും ശക്തമായി മുന്നോട്ടുവച്ച് ജലവിഭവ മന്ത്രി മോൻസ് ജോസഫ്. കേരളത്തിലും തമിഴ്നാട്ടിലും ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ അണക്കെട്ട് നിർമാണത്തിന് ഇപ്പോൾ ഏറ്റവും അനുകൂലമായ സാഹചര്യമാണുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയതും തമിഴ്നാട്ടിൽ കോൺഗ്രസ് പിന്തുണയുള്ള സർക്കാർ നിലവിലുള്ളതുമാണ് അനുകൂല ഘടകങ്ങളായി മന്ത്രി ചൂണ്ടിക്കാട്ടിയത്. കേരള മുഖ്യമന്ത്രി വി ഡി സതീഷനും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയിയും തമ്മിലുള്ള ചർച്ചയിലൂടെ മുല്ലപ്പെരിയാർ വിഷയത്തിൽ പുരോഗതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ കേരളം തുടർച്ചയായി ഉന്നയിച്ചുവരികയാണ്.
അതേസമയം, നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന നിലപാടാണ് തമിഴ്നാട് സ്വീകരിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ ദീർഘകാലമായി നിയമ-രാഷ്ട്രീയ തർക്കം തുടരുകയാണ്.

