ഇറ്റലിയുടെ യുദ്ധാനന്തര ചരിത്രത്തിലെ ഏറ്റവും ദീർഘകാലം തുടർച്ചയായി പ്രധാനമന്ത്രിയായ മെലോണിക്ക് മോദിയുടെ അഭിനന്ദനം

ന്യൂഡൽഹി: ഇറ്റലിയുടെ യുദ്ധാനന്തര ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രിയായി തുടരുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാക്കിയ ജോർജിയ മെലോണിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സെപ്റ്റംബർ 4ന് സമൂഹമാധ്യമത്തിലൂടെയാണ് മോദി ആശംസകൾ അറിയിച്ചത്.

മെലോണിയുടെ നേതൃത്വത്തിലുള്ള സർക്കാർ 1,413 ദിവസം തുടർച്ചയായി അധികാരത്തിൽ തുടരുകയായിരുന്നു. ഇതോടെ മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ രണ്ടാം സർക്കാർ 2001 മുതൽ 2005 വരെ നേടിയ 1,412 ദിവസത്തെ റെക്കോർഡ് മറികടന്നു.

മെലോണിയെ തന്റെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച മോദി, ഈ നേട്ടം ഇറ്റാലിയൻ ജനത അവരുടെ നേതൃത്വത്തിൽ അർപ്പിച്ച വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണെന്ന് പറഞ്ഞു. മെലോണിയുമായുള്ള സൗഹൃദം ഇന്ത്യ–ഇറ്റലി പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ നിർണായകമായെന്നും മോദി വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സമൃദ്ധമായ ഭാവിക്കായി സഹകരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

2022 ഒക്ടോബർ 22നാണ് മെലോണി ഇറ്റലിയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയുമാണ് അവർ.

Leave a Reply

Your email address will not be published. Required fields are marked *