ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപ്രവർത്തനരംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി. ‘സേവാ സങ്കൽപ് അഭിയാൻ’ എന്ന പേരിലുള്ള പരിപാടികൾ സെപ്റ്റംബർ 17ന് മോദിയുടെ ജന്മദിനത്തിൽ ആരംഭിച്ച് ഒക്ടോബർ 17 വരെ തുടരും.
2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെയാണ് മോദിയുടെ ഭരണതലത്തിലുള്ള പൊതുജീവിതം ആരംഭിച്ചത്. തുടർന്ന് 2014ൽ പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. 2024 ജൂൺ 9ന് മൂന്നാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പ്രചാരണത്തിന്റെ ഭാഗമായി രക്തദാന ക്യാംപുകൾ, ആരോഗ്യ പരിശോധനാ ക്യാംപുകൾ, വൃക്ഷത്തൈ നടീൽ, ശുചീകരണ പ്രവർത്തനങ്ങൾ, സ്ത്രീകളുടെ ആരോഗ്യ-ശുചിത്വ ബോധവത്കരണം, മുതിർന്നവർക്കുള്ള ഡിജിറ്റൽ സാക്ഷരത, റോഡ് സുരക്ഷാ ബോധവത്കരണം, പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ സാമൂഹിക സേവന പരിപാടികൾ സംഘടിപ്പിക്കും. കുട്ടികൾക്കായി ചിത്രരചന, പ്രസംഗ മത്സരങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
മോദിയുടെ ജന്മസ്ഥലമായ ഗുജറാത്തിലെ വഡ്നഗറിൽ നിന്ന് ലോക്സഭാ മണ്ഡലമായ വാരണാസിയിലേക്ക് യുവമോർച്ചയുടെ നേതൃത്വത്തിൽ ബൈക്ക് റാലിയും പരിപാടിയുടെ ഭാഗമായി നടത്തും. ഏകദേശം 500 യുവാക്കൾ പങ്കെടുക്കുന്ന യാത്രയിൽ ഗുജറാത്തിലെ നദികളിൽനിന്നുള്ള ജലം വാരണാസിയിലും ഗംഗാജലം വഡ്നഗറിലും എത്തിക്കുന്ന പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
സെപ്റ്റംബർ 17ന് വൈകിട്ട് രാജ്യത്തുടനീളം വീടുകളിൽ ദീപം തെളിയിക്കുന്ന ‘ആശീർവാദ് കാ ദിയ’ പരിപാടിയും ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. മോദിയുടെ 25 വർഷത്തെ പൊതുസേവനം അനുസ്മരിക്കുകയും കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയുമാണ് പരിപാടികളുടെ ലക്ഷ്യമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

