പൊതുമാപ്പ് വഴി ആനക്കൊമ്പ് സറണ്ടർ ചെയ്യാൻ മോഹൻലാൽ; വനംവകുപ്പിന് അപേക്ഷ നൽകി

കൊച്ചി: ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട് തന്റെ കൈവശമുള്ള ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത 13 കരകൗശല വസ്തുക്കളും വനംവകുപ്പിന് വിട്ടുനൽകാൻ (സറണ്ടർ ചെയ്യാൻ) നടൻ മോഹൻലാൽ അപേക്ഷ നൽകി. ഹൈക്കോടതി നിരീക്ഷണത്തെ തുടർന്ന് വനംവകുപ്പ് പ്രഖ്യാപിച്ച ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് മോഹൻലാലിന്റെ ഈ നീക്കം.


മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. കാർത്തിക്കിനാണ് മോഹൻലാൽ ഇത് സംബന്ധിച്ച അപേക്ഷ സമർപ്പിച്ചത്. തുടർനടപടികൾക്കായി ഈ അപേക്ഷ നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിയിട്ടുണ്ട്. അപേക്ഷ ലഭിച്ചതിനെ തുടർന്ന് വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ കൊച്ചിയിലെ മോഹൻലാലിന്റെ വസതിയിലെത്തി പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കി.


നേരത്തെ, കൃത്യമായ നിയമനടപടികൾ പാലിക്കാതെയാണ് മോഹൻലാലിന് ആനക്കൊമ്പുകൾ കൈവശം വെക്കാൻ വനംവകുപ്പ് ഉടമസ്ഥതാ സർട്ടിഫിക്കറ്റ് നൽകിയതെന്ന് വിലയിരുത്തി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രസ്തുത സർട്ടിഫിക്കറ്റ് റദ്ദാക്കിയിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അന്തിമ തീരുമാനത്തിന് ശേഷം വനംവകുപ്പ് ആനക്കൊമ്പുകൾ എന്ന് ഏറ്റെടുക്കുമെന്ന തീയതി പ്രഖ്യാപിക്കും.
2011 ഓഗസ്റ്റിൽ മോഹൻലാലിന്റെ കൊച്ചി തേവരയിലുള്ള വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഈ ആനക്കൊമ്പുകൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *