ഇടുക്കി: മൂവാറ്റുപുഴ പുതിയ ജില്ല രൂപീകരിക്കാനുള്ള നിർദേശത്തിൽ തൊടുപുഴയെ ഉൾപ്പെടുത്തുന്നതിനെ എതിർത്ത് ജലവിഭവ മന്ത്രി മോൻസ് ജോസഫ്. തൊടുപുഴയെ ഒരു കാരണവശാലും ഇടുക്കിയിൽനിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണെന്നും അത് ജില്ലയിൽനിന്ന് വേർപെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു. വിഷയം യുഡിഎഫ് നേതൃത്വവും സംസ്ഥാനതല യുഡിഎഫ് കമ്മിറ്റിയും വിശദമായി ചർച്ച ചെയ്ത ശേഷമാണ് നിലപാട് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യം നേരത്തെയും ഉയർന്നിട്ടുണ്ടെന്നും മുൻ മൂവാറ്റുപുഴ എംഎൽഎ ജോസഫ് വാഴക്കൻ നിയമസഭയിൽ വിഷയം ഉന്നയിച്ചപ്പോൾ സർക്കാർ ആവശ്യം പരിഗണിക്കാനാകില്ലെന്ന് മറുപടി നൽകിയിരുന്നുവെന്നും മോൻസ് ജോസഫ് പറഞ്ഞു.
അതേസമയം, മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും സജീവമായിരിക്കുകയാണ്. മൂവാറ്റുപുഴ, കോതമംഗലം, പിറവം, പാമ്പാക്കുട എന്നിവയ്ക്കൊപ്പം തൊടുപുഴയുടെ ചില ഭാഗങ്ങളും ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കാമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. പുതിയ ജില്ലകളുടെ രൂപീകരണം പരിഗണിക്കാൻ സർക്കാർ ഡീലിമിറ്റേഷൻ കമ്മിഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

