ന്യൂഡൽഹി: ഇന്ത്യൻ സമുദ്രപരിധിയിലെ നിരീക്ഷണവും സുരക്ഷയും ശക്തമാക്കാൻ അമേരിക്കൻ പ്രതിരോധ കമ്പനിയായ ജനറൽ ആറ്റോമിക്സിൽ നിന്ന് രണ്ട് എംക്യു-9ബി സീ ഗാർഡിയൻ ഡ്രോണുകൾ 30 മാസത്തേക്ക് പാട്ടത്തിന് എടുക്കാൻ ഇന്ത്യ കരാർ ഒപ്പുവച്ചു. ഏകദേശം 1,943 കോടി രൂപയുടേതാണ് കരാർ.
ഇന്ത്യൻ നാവികസേനയുടെ സമുദ്രനിരീക്ഷണ ശേഷി വർധിപ്പിക്കുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം. ഉയർന്ന ഉയരത്തിൽ ദീർഘനേരം പ്രവർത്തിക്കാൻ കഴിയുന്ന ഹൈ ആൾട്ടിറ്റ്യൂഡ് ലോങ് എൻഡ്യൂറൻസ് (HALE) വിഭാഗത്തിലുള്ളതാണ് എംക്യു-9ബി ഡ്രോണുകൾ. 40,000 അടിയിലേറെ ഉയരത്തിൽ 30 മണിക്കൂറിലധികം തുടർച്ചയായി പ്രവർത്തിക്കാൻ ഇവയ്ക്ക് കഴിയും. വിവിധ സെൻസറുകൾ ഉപയോഗിച്ച് നിരീക്ഷണ വിവരങ്ങൾ ശേഖരിച്ച് തത്സമയം കൈമാറാനും ഇവയ്ക്ക് സാധിക്കും.
സമുദ്രനിരീക്ഷണത്തിന് പുറമെ അന്തർവാഹിനികളെ കണ്ടെത്തുന്നതുൾപ്പെടെയുള്ള ദൗത്യങ്ങളിലും സീ ഗാർഡിയൻ ഡ്രോണുകൾ പ്രയോജനപ്പെടുത്താനാകും. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ നിരീക്ഷണവും സമുദ്രസുരക്ഷയും ശക്തിപ്പെടുത്തുന്നതിന് കരാർ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇത് സ്ഥിരമായ വാങ്ങൽ കരാറല്ല; 30 മാസത്തേക്കുള്ള പാട്ടക്കരാറാണ്. നേരത്തെ ഇന്ത്യ 31 എംക്യു-9ബി ഡ്രോണുകൾ സ്വന്തമാക്കുന്നതിനുള്ള ഏകദേശം 3.07 ബില്യൺ ഡോളർ മൂല്യമുള്ള നിർദേശത്തിന് അംഗീകാരം നൽകിയിരുന്നു. ആ നടപടികൾ പൂർത്തിയാകുന്നതുവരെ നിലവിലെ പാട്ടക്കരാർ നാവികസേനയുടെ നിരീക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഇടക്കാല സംവിധാനമായാണ് കാണുന്നത്.

