കൊച്ചി: കേരള തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 ചരക്കുകപ്പലിലെ മൂന്ന് വിദേശ ജീവനക്കാർക്ക് ബാങ്ക് ഗ്യാരന്റി സമർപ്പിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ കേരള ഹൈക്കോടതി അനുമതി നൽകി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ഇവരുടെ പേരില്ലെന്നും നിലവിൽ ഇവർക്കെതിരെ ക്രിമിനൽ കേസുകളില്ലെന്നുമുള്ള സാഹചര്യത്തിലാണ് കോടതി ഇളവ് അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയോ അല്ലെങ്കിൽ നിശ്ചിത വ്യവസ്ഥകൾക്കനുസരിച്ചുള്ള ബോണ്ടോ സമർപ്പിക്കണം. അന്വേഷണത്തോടും വിചാരണയോടും പൂർണമായി സഹകരിക്കണമെന്നും, അന്വേഷണ ഉദ്യോഗസ്ഥരോ കോടതിയോ ആവശ്യപ്പെട്ടാൽ ഇന്ത്യയിൽ ഹാജരാകണമെന്നും, ആവശ്യമായാൽ ഓൺലൈൻ വഴി വിചാരണയിൽ പങ്കെടുക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, കപ്പലിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ നാല് ജീവനക്കാരുടെ ഹർജിയിൽ കോടതി പിന്നീട് പരിഗണന നടത്തും. ഇവർ അന്വേഷണത്തിൽ പ്രതികളായി ഉൾപ്പെട്ടിരിക്കുന്നതിനാൽ കൂടുതൽ നടപടികൾ പൂർത്തിയാക്കിയ ശേഷമേ വിദേശത്തേക്ക് മടങ്ങാൻ അനുമതി സംബന്ധിച്ച് തീരുമാനമെടുക്കൂ.

