ആലപ്പുഴ: കരുവാറ്റയിൽ 65കാരനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുവായ 13കാരിയുടെയും കൗമാരക്കാരായ സുഹൃത്തുക്കളുടെയും പങ്ക് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുന്നു. 13കാരിയുടെ പ്രേരണയിലാണ് പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളും വീട്ടിലെത്തി കൊലപാതകം നടത്തിയതെന്നാണ് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് വ്യക്തമാക്കിയത്.
മോഷണമായിരുന്നു കൊലപാതകത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. ഇതോടൊപ്പം പ്രതികാരവും ലക്ഷ്യമിട്ടിരുന്നതായി അന്വേഷണത്തിൽ ലഭിച്ച മൊഴികൾ സൂചിപ്പിക്കുന്നതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
കൊല്ലപ്പെട്ടയാൾ തന്നെ ‘ബാഡ് ടച്ച്’ ചെയ്തതായി 13കാരി നേരത്തെ കാമുകനോട് പറഞ്ഞിരുന്നതായും, ഇതിന് പ്രതികാരമായി ഇയാളെ കൊല്ലണമെന്ന് ആവശ്യപ്പെട്ടതായും പൊലീസ് അറിയിച്ചു. എന്നാൽ പെൺകുട്ടി ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പെൺകുട്ടിയുടെ മൊഴികളിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
മകളെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് 65കാരനും ബന്ധുവായ 13കാരിയും മാത്രമാണ് രണ്ട് ദിവസത്തോളം വീട്ടിലുണ്ടായിരുന്നത്. ഇതിനിടെയാണ് കൊല്ലം പരവൂരിൽ നിന്നുള്ള പെൺകുട്ടിയുടെ കൗമാരക്കാരനായ കാമുകനും സുഹൃത്തുക്കളും കരുവാറ്റയിലെത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് കൗമാരക്കാരുടെ പങ്ക് ഉൾപ്പെടെ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. പെൺകുട്ടി ഉന്നയിച്ച ആരോപണത്തിന്റെ വസ്തുതയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

