ദുബായ്: ഇറാനിൽനിന്ന് യുഎഇ ലക്ഷ്യമാക്കി എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 18-നുണ്ടായ സംഭവത്തിൽ മിസൈലുകൾ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ നിരീക്ഷണത്തിൽപ്പെട്ടതായാണ് അധികൃതർ വ്യക്തമാക്കിയത്.
പ്രാഥമിക വിലയിരുത്തലിൽ ഒരു മിസൈൽ യുഎഇയുടെ പ്രാദേശിക ജലപരിധിക്ക് പുറത്തും മറ്റൊന്ന് പ്രാദേശിക ജലപരിധിക്കുള്ളിലുമാണ് പതിച്ചതെന്ന് അധികൃതർ അറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയിൽ മിസൈലുകൾ സമുദ്രഗതാഗതത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും കടലിൽ തന്നെയാണ് പതിച്ചതെന്നും യുഎഇ അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ ആളപായമോ വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യുഎഇ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഭീഷണികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസുകളിൽനിന്ന് മാത്രം സ്വീകരിക്കണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഇറാനും യുഎഇയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവമുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷാ ആശങ്കകൾ വീണ്ടും ശക്തമായിട്ടുണ്ട്.

