മൂവാറ്റുപുഴ: നഗരഹൃദയത്തിന് പുതിയ മാറ്റമേകുന്ന പുഴയോര ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള തൂക്കുപാലം നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. തൊടുപുഴയാറിന് കുറുകെയുള്ള ഈ തൂക്കുപാലം ഈ വർഷം തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭയും അധികൃതരും.
മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ 13 കോടി രൂപ മുതൽമുടക്കിൽ രണ്ട് ഘട്ടങ്ങളായാണ് സമഗ്ര പുഴയോര വികസന പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ അമൃത് (AMRUT) പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് ആദ്യഘട്ടത്തിൽ തൂക്കുപാലം നിർമ്മിച്ചിരിക്കുന്നത്. നഗരവാസികളുടെയും സഞ്ചാരികളുടെയും പ്രധാന ഇടത്താവളമായ ഡ്രീംലാൻഡ് പാർക്കിൽ നിന്നും പുഴ കടന്ന് പേട്ട ഭാഗത്തേക്ക് എത്തിച്ചേരുന്ന വിധത്തിലാണ് പാലം ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള പ്രശസ്തമായ ‘ലത’ പാലത്തിന് സമാന്തരമായാണ് പുതിയ നടപ്പാലം പണിതിട്ടുള്ളത്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മൂവാറ്റുപുഴയെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്ന വിപുലമായ നിർമ്മാണങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കച്ചേരിത്താഴം വരെ നീളുന്ന പുഴയോര നടപ്പാത, പ്രകൃതിഭംഗി ആസ്വദിക്കാൻ വാച്ച് ടവർ, പ്രദേശത്തിന്റെ ചരിത്രവും സംസ്കാരവും വ്യക്തമാക്കുന്ന മ്യൂസിയം, സായാഹ്നങ്ങൾ ചിലവഴിക്കാൻ കഫെറ്റീരിയ എന്നിവ ഇതിലൂടെ ഒരുങ്ങും. കൂടാതെ, നദിയിലൂടെ സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ സോളാർ ബോട്ടുകളും പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.
പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നാലര ഏക്കറിലധികം പരന്നുകിടക്കുന്ന ഡ്രീം ലാൻഡ് പാർക്കിലെ പാറക്കെട്ടുകളും മുളങ്കാടുകളും ചെറിയ കുന്നുകളും സ്വാഭാവികത നിലനിർത്തിക്കൊണ്ടുതന്നെ 50 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്നുണ്ട്. തൂക്കുപാലം പൂർണ്ണ സജ്ജമാകുന്നതോടെ പ്രദേശവാസികൾക്ക് മികച്ച യാത്രാസൗകര്യവും ഒപ്പം സഞ്ചാരികൾക്ക് മൂവാറ്റുപുഴയാറിന്റെ മനോഹാരിത അടുത്തറിയാനുള്ള മികച്ച അവസരവുമാണ് കൈവരുന്നത്.

