ഇന്ത്യക്കാർക്ക് വിസ പരിശോധന കർശനമാക്കി ഓസ്ട്രേലിയ; ഫിംഗർപ്രിന്റും ഫോട്ടോയും നിർബന്ധമാക്കാൻ തീരുമാനം

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള വിസ അപേക്ഷകർക്കായി ബയോമെട്രിക് വിവരശേഖരണ നിബന്ധനകൾ വിപുലീകരിച്ച് ഓസ്ട്രേലിയൻ സർക്കാർ. 2026 ഒക്ടോബർ 26 മുതൽ സമർപ്പിക്കുന്ന പുതിയ വിസ അപേക്ഷകളിൽ നിർദ്ദേശിക്കപ്പെടുന്ന വ്യക്തികൾ വിരലടയാളവും (ഫിംഗർപ്രിന്റ്) മുഖത്തിന്റെ ചിത്രവും (ഫേഷ്യൽ ഇമേജ്) നിർബന്ധമായും നൽകേണ്ടി വരുമെന്ന് ന്യൂഡൽഹിയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. അതേസമയം, ഒക്ടോബർ 26-ന് മുൻപ് സമർപ്പിച്ച അപേക്ഷകൾക്കും ഇതിനകം ലഭിച്ച വിസകൾക്കും പുതിയ നിബന്ധന ബാധകമല്ല.

എല്ലാ അപേക്ഷകരും സ്വമേധയാ ബയോമെട്രിക് വിവരങ്ങൾ നൽകേണ്ടതില്ല. ഓസ്ട്രേലിയൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോം അഫയേഴ്‌സ് നേരിട്ട് അറിയിപ്പ് നൽകുന്നവർ മാത്രം ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മതിയാകും. അറിയിപ്പ് ലഭിക്കുന്ന അപേക്ഷകർ അവരുടെ സാഹചര്യം അനുസരിച്ച് ഓസ്ട്രേലിയൻ ബയോമെട്രിക് കളക്ഷൻ സെന്ററുകളിൽ നേരിട്ടെത്തിയോ, അല്ലെങ്കിൽ ‘ഓസ്ട്രേലിയൻ ഇമ്മി ആപ്പ്’ (Australian Immi App) വഴിയോ വിവരങ്ങൾ സമർപ്പിക്കേണ്ടിവരും. നേരത്തെ കളക്ഷൻ സെന്ററുകളിൽ ബയോമെട്രിക് നൽകിയിട്ടുള്ള സാധുതയുള്ള പാസ്‌പോർട്ടുള്ളവർക്ക് ഇമ്മി ആപ്പ് വഴി സൗജന്യമായി വിവരങ്ങൾ നൽകാനുള്ള സൗകര്യമുണ്ടാകും. ഡിപ്പാർട്ട്‌മെന്റിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രമേ അപ്പോയിന്റ്‌മെന്റുകൾ എടുക്കുകയോ ആപ്പ് വഴി വിവരങ്ങൾ അയക്കുകയോ ചെയ്യാവൂ എന്ന് ഹൈക്കമ്മീഷൻ മുന്നറിയിപ്പ് നൽകി.

ഓസ്ട്രേലിയയുടെ മൈഗ്രേഷൻ ആക്ട് 1958, പ്രൈവസി ആക്ട് എന്നിവ പ്രകാരമാണ് വിവരങ്ങൾ ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും. വ്യാജരേഖകൾ ചമച്ചുള്ള വിസാ തട്ടിപ്പുകൾ തടയുന്നതിനും ആൾമാറാട്ടം കണ്ടെത്താനുമാണ് ഈ നടപടി. ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങൾ ഓസ്ട്രേലിയൻ ഏജൻസികളുമായോ അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുമായോ താരതമ്യം ചെയ്ത് അപേക്ഷകരുടെ ക്രിമിനൽ പശ്ചാത്തലവും ഇമിഗ്രേഷൻ ചരിത്രവും പരിശോധിക്കും.

നിലവിൽ ലോകത്തെ അറുപതോളം രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ഓസ്ട്രേലിയ ബയോമെട്രിക് വിവരശേഖരണം നിർബന്ധമാക്കിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇന്ത്യയെയും പദ്ധതിയുടെ ഭാഗമാക്കിയത്. കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ വിസ സംവിധാനം ഉറപ്പാക്കാനാണ് മാറ്റമെന്നും, അപേക്ഷകർ കൃത്യസമയത്ത് നടപടികൾ പൂർത്തിയാക്കിയാൽ ഇത് വിസ പ്രോസസിംഗ് സമയത്തെ ബാധിക്കില്ലെന്നും ഹൈക്കമ്മീഷൻ വ്യക്തമാക്കി. വ്യാജ ഏജൻസികളുടെയും സർവീസ് പ്രൊവൈഡർമാരുടെയും വാഗ്ദാനങ്ങളിൽ വീഴരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *