കാൻബറ: ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ ലോകത്തെ നയിക്കുന്ന ഏറ്റവും പ്രമുഖ ആഗോള ശക്തിയായി മാറുമെന്ന് ഓസ്ട്രേലിയൻ കാബിനറ്റ് സെക്രട്ടറിയും ശാസ്ത്ര-സാങ്കേതിക-ഡിജിറ്റൽ സാമ്പത്തിക സഹമന്ത്രിയുമായ ഡോ. ആൻഡ്രൂ ചാർൾട്ടൺ എംപി വ്യക്തമാക്കി. ‘ദി ഓസ്ട്രേലിയ ടുഡേ’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള തലത്തിൽ വരാനിരിക്കുന്ന ദശാബ്ദങ്ങളിൽ ഇന്ത്യയുടെ പ്രസക്തിയും ഓസ്ട്രേലിയയുമായുള്ള തന്ത്രപ്രധാന ബന്ധവും അദ്ദേഹം വിശദീകരിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറിയതും, ലോകത്തെ പ്രധാന സമ്പദ്വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായതും, ഏറ്റവും വേഗത്തിൽ കരുത്താർജ്ജിക്കുന്ന സൈനിക ശേഷിയുമുള്ള രാജ്യമാണ് ഇന്നത്തെ ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മൂന്ന് നിർണ്ണായക ഘടകങ്ങളും ഒത്തുചേരുമ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മുൻനിര ആഗോള ശക്തിയായി ഇന്ത്യ മാറുക എന്നത് അനിവാര്യമായ കാര്യമാണെന്നും അദ്ദേഹം വിലയിരുത്തി.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുമായുള്ള ബന്ധത്തേക്കാൾ പ്രാധാന്യമുള്ള മറ്റൊന്നുമില്ലെന്ന് തന്റെ ‘Australia’s Pivot to India’ എന്ന പുസ്തകത്തെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിലെ സാമ്പത്തിക സമൃദ്ധിക്കും സുരക്ഷയ്ക്കും ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. ഇരുരാജ്യങ്ങളും കൈകോർത്തു പ്രവർത്തിക്കുന്നത് വഴി ലോകത്തെ കൂടുതൽ സുരക്ഷിതവും അഭിവൃദ്ധിയുള്ളതുമായ ഇടമാക്കി മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനുപുറമെ, ഓസ്ട്രേലിയയുടെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ ഇന്ത്യൻ പ്രവാസികൾ നൽകുന്ന വലിയ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സംയുക്ത മുന്നേറ്റത്തിന്റെ ആവശ്യകതയെക്കുറിച്ചും അഭിമുഖത്തിൽ അദ്ദേഹം എടുത്തുപറഞ്ഞു.

