നാസ-ഐഎസ്ആർഒ നിസാർ ഉപഗ്രഹം പകർത്തിയത് ‘ഹമ്മിങ് ബേർഡ്’ രൂപം; അന്റാർട്ടിക്കയിലെ മഞ്ഞിനടിയിലെ ഭൂപ്രകൃതിയുടെ അപൂർവ ദൃശ്യം

ന്യൂഡൽഹി: നാസയും ഐഎസ്ആർഒയും സംയുക്തമായി വികസിപ്പിച്ച നിസാർ (NISAR) ഭൗമനിരീക്ഷണ ഉപഗ്രഹം അന്റാർട്ടിക്കയിൽ ഹമ്മിങ് ബേർഡിനെ അനുസ്മരിപ്പിക്കുന്ന അപൂർവ റഡാർ ദൃശ്യം പകർത്തി. കിഴക്കൻ അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കിടയിൽ ഉയർന്നുനിൽക്കുന്ന ഒരു പർവതശിഖരത്തെ ചുറ്റി ഹിമാനികൾ ഒഴുകുന്നതിന്റെ ഫലമായി രൂപപ്പെട്ട ഭൗമഘടനയാണ് ചിത്രത്തിൽ പക്ഷിയുടെ ആകൃതിയിൽ ദൃശ്യമാകുന്നതെന്ന് നാസ വ്യക്തമാക്കി.

നിസാറിന്റെ എൽ-ബാൻഡ് റഡാർ ഉപയോഗിച്ചാണ് ചിത്രം സൃഷ്ടിച്ചത്. ഹിമാനി പർവതത്തെ ചുറ്റി ഒഴുകുമ്പോൾ രൂപപ്പെടുന്ന ആഴത്തിലുള്ള വിള്ളലുകൾ റഡാർ ചിത്രത്തിൽ പച്ചനിറത്തിലുള്ള രേഖകളായും മിനുസമുള്ള മഞ്ഞുപ്രദേശങ്ങൾ മജന്റ നിറത്തിലുമായാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ നിറങ്ങൾ യഥാർത്ഥ നിറങ്ങളല്ല; മഞ്ഞിന്റെ ഘടനയിലും ഉപരിതല സ്വഭാവത്തിലുമുള്ള വ്യത്യാസങ്ങൾ സൂചിപ്പിക്കുന്ന ശാസ്ത്രീയ റഡാർ വിവരങ്ങളാണ്.

കാലാവസ്ഥാ വ്യതിയാനം, ഹിമാനികളുടെ ചലനം, മഞ്ഞുപാളികളിലെ മാറ്റങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിന് നിസാർ ഉപഗ്രഹം നൽകുന്ന വിവരങ്ങൾ നിർണായകമാണെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഉപഗ്രഹത്തിൽ നിന്നുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കും ഗവേഷകർക്കുമായി ലഭ്യമാക്കിയിട്ടുണ്ടെന്നും നാസ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *