വാഷിങ്ടൺ:അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയുടെ ഉപരിതലത്തിൽ തേൻകൂടിനെ അനുസ്മരിപ്പിക്കുന്ന ബഹുഭുജാകൃതിയിലുള്ള അപൂർവ പാറഘടനകൾ കണ്ടെത്തി. ചൊവ്വയിലെ “വാലെ ഗ്രാൻഡെ” (Valle Grande) എന്ന താഴ്വരയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഈ വിശാലമായ ഭൂപ്രദേശം റോവർ പകർത്തിയത്.
റോവർ പകർത്തിയ 360 ഡിഗ്രി പനോരമ ചിത്രങ്ങളിൽ കണ്ണെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ബഹുഭുജരൂപത്തിലുള്ള വിള്ളലുകൾ വ്യക്തമായി കാണാം. ഏകദേശം 4 മുതൽ 8 സെന്റിമീറ്റർ (1.5 മുതൽ 3 ഇഞ്ച് വരെ) വലിപ്പമുള്ള ഈ ഘടനകൾ ഇത്രയും വലിയ വിസ്തൃതിയിൽ ഒരുമിച്ച് കണ്ടെത്തുന്നത് ക്യൂരിയോസിറ്റി ദൗത്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണെന്ന് നാസ അറിയിച്ചു.
ഏകദേശം ആറു മീറ്റർ ഉയരമുള്ള “മിറാഫ്ലോറസ്” (Miraflores) എന്ന പാറക്കെട്ടിനുചുറ്റും ഈ ബഹുഭുജ ഘടനകൾ വ്യാപിച്ചുകിടക്കുന്നതായും ചിത്രങ്ങളിൽ കാണാം. ഈ രൂപങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നത് ഇപ്പോഴും വ്യക്തമായിട്ടില്ലെങ്കിലും, പുരാതനകാലത്തെ ചെളിവിള്ളലുകൾ, ചൂട്-തണുപ്പ് വ്യതിയാനങ്ങൾ, അല്ലെങ്കിൽ അടിഞ്ഞുകിടന്ന അവശിഷ്ടങ്ങളിൽ നിന്നുള്ള ജലസമ്മർദം തുടങ്ങിയ ഭൂമിശാസ്ത്രപരമായ പ്രക്രിയകളാകാം കാരണമെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
ഈ പുതിയ കണ്ടെത്തലിലൂടെ ചൊവ്വയുടെ ഭൂമിശാസ്ത്രചരിത്രത്തെയും ഒരുകാലത്ത് അവിടെ നിലനിന്നിരുന്ന പരിസ്ഥിതിയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

