നീറ്റ് ചോദ്യപേപ്പർ ചോർച്ച: കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാർക്കെതിരെ ആരെയും സംരക്ഷിക്കാതെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പൊതുപരീക്ഷാ സംവിധാനത്തെ കൂടുതൽ വിശ്വസനീയവും കുറ്റമറ്റതുമാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻഡിഎ പാർലമെന്ററി യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരീക്ഷാ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ട ഉടൻ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചുവെന്നും 13 പ്രതികളെ അറസ്റ്റ് ചെയ്തതായും പുനഃപരീക്ഷ സമയബന്ധിതമായി നടത്തി ഫലം പ്രസിദ്ധീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *