സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുന്നതിന് പുതിയ ക്രമീകരണം; സെപ്റ്റംബർ 2 മുതൽ നിലവിൽ വരും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സന്ദർശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സെപ്റ്റംബർ 2 ബുധനാഴ്ച മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.

പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3.00 മുതൽ 5.30 വരെയാണ് സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണാനുള്ള സൗകര്യം ഉണ്ടായിരിക്കുക. ഈ ദിവസങ്ങളിൽ പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ടെത്തി കാണും. ഇതിനുശേഷമായിരിക്കും ഓഫീസിൽ സന്ദർശകരെ സ്വീകരിക്കുക. മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവർക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാവുന്നതാണ്.

മറ്റു ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് മുഖ്യമന്ത്രിയെ വേഗത്തിൽ കണ്ട് പരാതി നൽകുന്നതിനും അനാവശ്യ തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പൊതുജനങ്ങൾക്ക് പരാതി പരിഹാര സെല്ലിൽ നേരിട്ടെത്തി പരാതി നൽകാം. ഈ ദിവസങ്ങളിൽ വൈകുന്നേരം 3.00 മുതൽ 5.00 വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കും

Leave a Reply

Your email address will not be published. Required fields are marked *