കുമളി: മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്നും അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്നുമുള്ള തമിഴ്‌നാടിന്റെ പ്രഖ്യാപനത്തിനെതിരെ ഇടുക്കിയിൽ പ്രതിഷേധം ശക്തമാകുന്നു. ഒരു ഇടവേളക്കു ശേഷം മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കം വീണ്ടും സജീവമാകുന്നതിനാണ് തമിഴ്‌നാടിന്റെ നയപ്രഖ്യാപനം വഴിവെച്ചിരിക്കുന്നത്. ഇതോടെ അണക്കെട്ടിന്റെ സുരക്ഷയും പെരിയാറിന്റെ തീരങ്ങളിലെ ജനങ്ങളുടെ ആശങ്കകളും വീണ്ടും ചർച്ചയായിരിക്കുകയാണ്.
നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലി ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2014-ൽ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് സുപ്രീംകോടതി അനുമതി നൽകിയെങ്കിലും, മാറിവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും പ്രളയസാധ്യതകളും ചൂണ്ടിക്കാട്ടി പുതിയ അണക്കെട്ട് വേണമെന്ന ഉറച്ച നിലപാടിലാണ് കേരളം തുടരുന്നത്. എന്നാൽ പുതിയ ഡാം അനുവദിക്കില്ലെന്ന തമിഴ്നാടിന്റെ പ്രഖ്യാപനം ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള സമവായ നീക്കങ്ങൾക്കേറ്റ കനത്ത പ്രഹരമായി വിലയിരുത്തപ്പെടുന്നു.
അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർത്തിയാൽ പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉണ്ടാകുന്നതെന്ന് മുല്ലപ്പെരിയാർ സമരസമിതി ചെയർമാൻ ഷാജി ജോസഫ് വ്യക്തമാക്കി. വിഷയത്തിൽ കേരള സർക്കാർ കർശന നിലപാട് എടുക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. തമിഴ്‌നാട് നടത്തുന്നത് ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച സമരസമിതി, നിയമപരവും രാഷ്ട്രീയവുമായ പ്രതിരോധം ഉണ്ടായില്ലെങ്കിൽ പെരിയാറിന്റെ തീരങ്ങൾ വീണ്ടും പ്രക്ഷോഭഭരിതമാകുമെന്നും മുന്നറിയിപ്പ് നൽകി.

