ബിഹാറിൽ അധ്യാപകൻ,നാട്ടില്‍ കഞ്ചാവ് വിൽപ്പന; അച്ഛനും മകനുമടക്കം ആറുപേർ എക്സൈസിന്റെ പിടിയിൽ

തൊടുപുഴ: ബിഹാറിൽ അധ്യാപകനായി ജോലി ചെയ്യവെ നാട്ടിലെത്തി കഞ്ചാവ് വിൽപ്പന നടത്തിവന്ന പ്രധാന കണ്ണിയും, ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയ അച്ഛനും മകനുമടക്കം ആറുപേർ എക്സൈസിന്റെ പിടിയിലായി. ഇടുക്കി രാജാക്കാട് സ്വദേശി കടുവാകുഴിയിൽ റോബിൻ റെജിയെയാണ് 30 ഗ്രാം കഞ്ചാവുമായി നെടുംകണ്ടം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബിഹാറിൽ അധ്യാപകനായ ഇയാൾ രണ്ടുമാസത്തെ അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. ബിഹാറിൽ നിന്ന് എത്തിച്ച കഞ്ചാവ് ചില്ലറ വിൽപ്പന നടത്തി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇയാളിൽ നിന്നും കഞ്ചാവ് വാങ്ങിയ രാജാക്കാട് മുക്കുടി സ്വദേശി പുത്തൻപറമ്പിൽ ബിജു, മകൻ അലൻ എന്നിവരെ 25 ഗ്രാം കഞ്ചാവുമായി രാജാക്കാട് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് എക്സൈസ് പിടികൂടിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ബിഹാറിൽ നിന്നും കഞ്ചാവ് എത്തിച്ചു നൽകിയ റോബിൻ റെജിയെക്കുറിച്ച് വിവരം ലഭിക്കുന്നത്.

തുടർന്ന് രാജാക്കാടിന്റെ വിവിധ ഭാഗങ്ങളിൽ എക്സൈസ് സംഘം നടത്തിയ തിരച്ചിലിൽ ആറു ഗ്രാം കഞ്ചാവുമായി കൈത്തുങ്കൽ ഷാൻ, കണ്ടത്തിൽ ഷെബിൻ, കയ്യാനിക്കൽ സഞ്ജീവ് എന്നിവരും പിടിയിലായി. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന കാര്യം എക്സൈസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *