അറബിക്കടലിൽ പുതിയ ആഴക്കടൽ മത്സ്യവർഗത്തെ കണ്ടെത്തി

കൊച്ചി: കേരളതീരത്തോട് ചേർന്നുള്ള അറബിക്കടലിൽ പുതിയ ആഴക്കടൽ മത്സ്യവർഗത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഐ സി എ ആർ- സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) ഗവേഷകരാണ് സിറ്റോപ്സിസ് ഇൻഡിക്ക എന്ന പുതിയ മത്സ്യവർഗത്തെ തിരിച്ചറിഞ്ഞത്. ‘ഇന്ത്യൻ ഡോറി’ എന്ന പൊതുപേരിലാണ് ഈ മത്സ്യം അറിയപ്പെടുക.

കിഴക്കൻ ലക്ഷദ്വീപ് കടൽപ്രദേശത്തെ ഭൂഖണ്ഡ ചരിവിൽ 350 മുതൽ 500 മീറ്റർ വരെ ആഴത്തിലാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. കൊല്ലം ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് ആഴക്കടൽ ട്രോളിങ് വള്ളങ്ങളിൽ നിന്ന് ലഭിച്ച ആറ് മാതൃകകളെ വിശദമായി പരിശോധിച്ചാണ് ഇത് ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത പുതിയ വർഗമാണെന്ന് സ്ഥിരീകരിച്ചത്. ആധുനിക ജനിതക (മോളിക്യുലർ) പരിശോധനകളും രൂപഘടനാ പഠനങ്ങളുമാണ് ഇതിന് അടിസ്ഥാനമായത്.

ഇന്ത്യൻ മഹാസമുദ്രത്തിൽ മുമ്പ് കണ്ടെത്തിയിരുന്ന സിറ്റോപ്സിസ് റോസെ എന്ന ഇനത്തിൽ നിന്ന് ഇത് വ്യത്യസ്തമാണെന്നും ഗവേഷകർ വ്യക്തമാക്കി. പുതിയ കണ്ടെത്തൽ ഇന്ത്യയുടെ സമുദ്ര ജൈവവൈവിധ്യ പഠനങ്ങൾക്ക് കരുത്തേകുന്നതോടൊപ്പം, ആഴക്കടലിൽ ഇനിയും കണ്ടെത്തപ്പെടാത്ത നിരവധി ജീവിവർഗങ്ങൾ ഉണ്ടെന്നതിനും തെളിവാണെന്ന് സിഎംഎഫ്ആർഐ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *