മെൽബൺ: റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, പൊതുഗതാഗതം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ഉപഭോക്താക്കളുടെ അതിക്രമങ്ങളിൽ നിന്നും അധിക്ഷേപങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി കർശന നിയമ നിർമ്മാണത്തിനൊരുങ്ങി ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ. ഇതിനായി ‘വർക്ക്പ്ലേസ് പ്രൊട്ടക്ഷൻ ഓർഡറുകൾ’ നടപ്പിലാക്കാൻ ബെൻ കറോളിന്റെ നേതൃത്വത്തിലുള്ള വിക്ടോറിയൻ സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിച്ചു.
പുതിയ നിയമപ്രകാരം ജീവനക്കാരോട് മോശമായി പെരുമാറുന്നവരെയോ അതിക്രമം കാണിക്കുന്നവരെയോ 12 മാസം വരെ ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും കോടതികൾക്ക് വിലക്കാവുന്നതാണ്. ഈ വിലക്ക് ലംഘിച്ച് സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവുശിക്ഷയോ അല്ലെങ്കിൽ 50,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 27 ലക്ഷം രൂപ) വരെ പിഴയോ ലഭിക്കും.
തൊഴിൽ മേഖലകളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവർത്തിച്ചുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് വിക്ടോറിയൻ പാർലമെന്റിൽ ഈ നിർണ്ണായക ബിൽ കൊണ്ടുവരുന്നത്.

