മെൽബൺ: പസഫിക് ദ്വീപ് രാജ്യങ്ങൾക്ക് ഏറ്റവും കൂടുതൽ വികസന സഹായം നൽകുന്ന രാജ്യമായി ഓസ്‌ട്രേലിയ തുടരുന്നതായി അന്താരാഷ്ട്ര തിങ്ക് ടാങ്കായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Lowy Institute) ഏറ്റവും പുതിയ പസഫിക് എയ്ഡ് മാപ്പ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024-ൽ മാത്രം 1.5 ബില്യൺ യു.എസ് ഡോളർ (ഏകദേശം 12,500 കോടിയിലധികം രൂപ) ധനസഹായമാണ് ഓസ്‌ട്രേലിയ പസഫിക് മേഖലയിൽ വിതരണം ചെയ്തത്.
മേഖലയിൽ തൊട്ടടുത്തുള്ള ഏറ്റവും വലിയ ദാതാക്കളായ ന്യൂസിലൻഡിനേക്കാൾ മൂന്ന് മടങ്ങിലധികം വരും ഓസ്‌ട്രേലിയയുടെ ഈ വിഹിതം. പസഫിക് രാജ്യങ്ങൾക്ക് ലഭിച്ച മൊത്തം വികസന ഫണ്ടിന്റെ 37 ശതമാനവും നൽകിയത് ഓസ്‌ട്രേലിയയാണ്. ലോകത്തിലെ പല പ്രമുഖ ദാതാക്കളായ രാജ്യങ്ങളും തങ്ങളുടെ വികസന സഹായ ഫണ്ടുകളിൽ വെട്ടിക്കുറവ് വരുത്തുന്നതിനിടയിലാണ് പസഫിക് മേഖലയിൽ ഓസ്‌ട്രേലിയ തങ്ങളുടെ സാമ്പത്തിക പിന്തുണ ശക്തമായി തുടരുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

