അഡ്ലെയ്ഡ്: ഇ-ബൈക്കുകൾ, ഇ-സ്കൂട്ടറുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത യാത്രാ മാർഗ്ഗങ്ങളുടെ നിലവി ലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനായി ദക്ഷിണ ഓസ്ട്രേലിയൻ സർക്കാർ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നു. ലൈസൻസ് ആവശ്യമില്ലാതെ, എന്നാൽ ഹെൽമെറ്റ് നിർബന്ധമാക്കി കൊണ്ട് 2025 ജൂലൈ 13-നാണ് ദക്ഷിണ ഓസ്ട്രേലിയയിൽ സ്വകാര്യ ഇ-സ്കൂട്ടറുകൾക്ക് നിയമസാധുത നൽകിയത്. ഈ നിയമങ്ങൾ നിലവിൽ വന്ന് ഒരു വർഷം തികയുന്ന പശ്ചാത്തലത്തിലാണ് പുതിയ പരിഷ്കാരങ്ങൾ പരിഗണിക്കുന്നത്.
നിലവിലെ വേഗതാനിരക്കുകളിലെ മാറ്റങ്ങളാണ് പ്രധാനമായും അവലോകനം ചെയ്യുന്നത്. കാൽനടപ്പാതകൾ, ബീച്ചുകൾ, പങ്കിട്ട പാതകൾ എന്നിവയിലൂടെയുള്ള ഇ-സ്കൂട്ടറുകളുടെ വേഗത മണിക്കൂറിൽ 10 കിലോമീറ്റ റായും, മണിക്കൂറിൽ 60 കിലോമീറ്റർ വേഗപരിധിയുള്ള റോഡുകളിലെ ബൈക്ക് ലൈനുകളിൽ ഇത് മണി ക്കൂറിൽ 25 കിലോമീറ്ററായും നിലവിൽ നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗപരി ധിയുള്ള റോഡുകളിൽ ഇ-സ്കേറ്റ്ബോർഡുകൾ പോലുള്ള മറ്റ് ഉപകരണങ്ങൾക്ക് മണിക്കൂറിൽ 25 കിലോമീറ്റർ വേഗപരിധിയാണുള്ളത്. ഈ പരിധികളിൽ മാറ്റം വരുത്തണമോ എന്നാണ് സർക്കാർ പരിശോധിക്കുന്നത്.
വേഗപരിധിക്ക് പുറമെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക പെർമിറ്റ് ഏർപ്പെടുത്തുക, പ്രായപരിധിയിൽ മാറ്റം വരുത്തുക തുടങ്ങിയ കാര്യങ്ങളും അധികൃതരുടെ പരിഗണനയിലുണ്ട്. കൂടാതെ, മറ്റ് വാഹനമോടിക്കുന്നവരെ പരിശോധിക്കുന്നത് പോലെ ഇ-സ്കൂട്ടർ യാത്രക്കാരെയും പരിശോധിക്കാനുള്ള പ്രത്യേക അധികാരം പോലീസിന് നൽകുന്ന കാര്യവും നിയമ ഭേദഗതിയുടെ പരിധിയിൽ വരുന്നുണ്ട്.
നിയമങ്ങൾ നടപ്പിലാക്കി ആദ്യ വർഷത്തിന് ശേഷം അവ പുനഃപരിശോധിക്കുമെന്ന് സർക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നതാണെന്ന് ദക്ഷിണ ഓസ്ട്രേലിയൻ ഗതാഗത മന്ത്രി ജോ സകാക്സ് പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച മാറ്റങ്ങളല്ലിതെന്നും, എല്ലാവർക്കും അനുയോജ്യമായ രീതിയിൽ നിയമങ്ങൾ മാറ്റാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സർവേയിലൂടെ പൊതുജനങ്ങൾക്ക് ഈ നിയമ പരിഷ്കര ണത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണെന്നും സർക്കാർ അറിയിച്ചു.

