വൺ നേഷൻ പാർട്ടിക്കെതിരെ കടുത്ത വെല്ലുവിളിയുമായി ആൻഡ്രൂ ഹാസ്റ്റി; കാന്നിങ് മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം മുറുകുന്നു

സിഡ്നി: ഓസ്‌ട്രേലിയൻ ലിബറൽ പാർട്ടിയുടെ മുൻനിര നേതാവും മുൻ എസ്എഎസ് സൈനികനുമായ ആൻഡ്രൂ ഹാസ്റ്റി, തീവ്രവലതുപക്ഷ പാർട്ടിയായ വൺ നേഷനെതിരെ നേരിട്ടുള്ള രാഷ്ട്രീയ വെല്ലുവിളിയുമായി രംഗത്തെത്തി. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ ഹാസ്റ്റിയുടെ സ്വന്തം മണ്ഡലമായ കാന്നിങ്ങിൽ അദ്ദേഹത്തി നെതിരെ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തുമെന്ന് വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസന്റെ മുഖ്യ ഉപദേശകൻ ജെയിംസ് അഷ്ബി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹാസ്റ്റിയുടെ കടുത്ത പ്രതികരണം.

തന്റെ അനുയായികൾക്ക് അയച്ച ഇമെയിലിലാണ് ആൻഡ്രൂ ഹാസ്റ്റി നിലപാട് വ്യക്തമാക്കിയത്. “വൺ നേഷൻ പാർട്ടി എനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. എങ്കിൽ അവർക്ക് യുദ്ധം തന്നെ ലഭിക്കും. വൺ നേഷൻ പാർട്ടിയുടെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങാനോ അവർക്ക് മുന്നിൽ മുട്ടുമടക്കാനോ ഞാൻ തയ്യാറല്ല. ഇത് ഇപ്പോൾ എന്റെ വ്യക്തിപരമായ പോരാട്ടമാണ്. എന്നെ കാന്നിങ് മണ്ഡലത്തിൽ നിന്ന് പുറത്താക്കണ മെങ്കിൽ അവർക്കത് അത്ര എളുപ്പമാകില്ല,” എന്ന് അദ്ദേഹം ഇമെയിലിൽ കുറിച്ചു.

വൺ നേഷൻ പാർട്ടിക്ക് മുന്നിൽ മുട്ടുമടക്കുന്നതിനേക്കാൾ ഭേദം ഒരു പെട്ടിയിൽ (ശവപ്പെട്ടിയിൽ) മടങ്ങുന്നതാണെന്ന തന്റെ മുൻ പ്രസ്താവന ഹാസ്റ്റി വീണ്ടും സ്ഥിരീകരിച്ചു. ഈ പരാമർശങ്ങൾ പോളിൻ ഹാൻസനെയും ജെയിംസ് അഷ്ബിയെയും നേരിട്ട് ലക്ഷ്യം വെച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഹാസ്റ്റിയുടെ ഈ തുറന്ന വെല്ലുവിളിയോട് പ്രതികരിക്കാൻ വൺ നേഷൻ പാർട്ടി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ഈ രാഷ്ട്രീയ പോരാട്ടം വരും ദിവസങ്ങളിൽ ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *