വെല്ലിംഗ്ടൺ: സഖ്യകക്ഷികൾ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ തുക ചിലവഴിക്കണമെന്ന അമേരിക്കയുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കി ന്യൂസിലാൻഡ് പ്രതിരോധ മന്ത്രി ക്രിസ് പെങ്ക്. രാജ്യത്തിന്റെ പ്രതിരോധ ബജറ്റ് ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) രണ്ട് ശതമാനത്തിനപ്പുറം ഉയർത്താൻ ന്യൂസിലാൻഡ് തയ്യാറല്ലെന്ന് അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പ്രതിരോധ കാര്യങ്ങളിൽ സ്വന്തം ജനങ്ങൾക്ക് വേണ്ടി സ്വതന്ത്രമായ തീരുമാനമെടുക്കാൻ ന്യൂസിലാൻഡ് സർക്കാരിന് പൂർണ്ണ അവകാശമുണ്ടെന്ന് ക്രിസ് പെങ്ക് തുറന്നടിച്ചു. ജി.ഡി.പിയുടെ രണ്ട് ശതമാനം പ്രതിരോധത്തിനായി മാറ്റിവെക്കുക എന്നത് തന്നെയാണ് സർക്കാരിന്റെ അന്തിമ ലക്ഷ്യം. സൈനിക ആവശ്യങ്ങൾക്കായി മാത്രം ബജറ്റ് വിഹിതം ഉയർത്തുന്നത് ശരിയല്ലെന്നും, രാജ്യത്തെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മറ്റ് മുൻഗണനാ മേഖലകൾക്ക് കൂടി തുല്യ പ്രാധാന്യം നൽകിക്കൊണ്ട് മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

