സിഡ്നിയിൽ മാലിന്യക്കൂടയിൽ നവജാതശിശുവിന്റെ മൃതദേഹം ; അമ്മയ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

സിഡ്നി: വെസ്റ്റ് സിഡ്നിയിലെ ഓബർണിൽ റോഡരികിലെ മാലിന്യക്കൂടയ്ക്കുള്ളിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11:20 ഓടെ ഹാരോ റോഡിലാണ് (Harrow Road) സംഭവം നടന്നത്.

മാലിന്യക്കൂടയിൽ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര രക്ഷാസേനയും പോലീസും സ്ഥലത്തെത്തി പ്രദേശം ക്രൈം സീനായി പ്രഖ്യാപിച്ചു. ഓബർൺ ഡിറ്റക്ടീവുകളുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. പ്രസവശേഷം അമ്മയുടെ ആരോഗ്യസ്ഥിതി അപകടത്തിലാകാൻ സാധ്യതയുള്ളതിനാൽ ഗുരുതര ആശങ്കയുണ്ടെന്നും, അമ്മ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിലെത്തി അടിയന്തര ചികിത്സ തേടണമെന്നും പോലീസ് അഭ്യർത്ഥിച്ചു. പ്രദേശവാസികളിൽ നിന്നോ ഇതുവഴി കടന്നുപോയ വാഹനങ്ങളിലെ ഡാഷ്കാം, മൊബൈൽ ദൃശ്യങ്ങളിൽ നിന്നോ എന്തെങ്കിലും നിർണായക വിവരങ്ങൾ ലഭിക്കുന്നവർ പോലീസിനെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *