ബ്രിസ്ബെയ്ൻ: ഇലക്ട്രിക് ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കും ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാക്കിക്കൊണ്ടുള്ള ക്വീൻസ്ലൻഡ് സർക്കാരിന്റെ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. പുതിയ ഉത്തരവ് പ്രകാരം തനിയെ ഇ-ബൈക്കുകളോ ഇ-സ്കൂട്ടറുകളോ ഓടിക്കുന്നവർക്ക് കുറഞ്ഞത് 16 വയസ്സ് പ്രായവും ലേണേഴ്സ് ഉൾപ്പെടെയുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.
ലൈസൻസില്ലാത്ത 12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾ ഇത്തരം വാഹനങ്ങൾ ഓടിക്കുമ്പോൾ മാതാപിതാക്കളുടെ നേരിട്ടുള്ള മേൽനോട്ടം നിർബന്ധമാക്കിയിട്ടുണ്ട്. ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് 518 ഡോളർ പിഴ ചുമത്തും. കുട്ടികൾ നിയമവിരുദ്ധമായി വാഹനം ഓടിച്ചാൽ രക്ഷിതാക്കൾക്കെതിരെയും പിഴ ചുമത്താൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ മെഡിക്കൽ, ഭിന്നശേഷി ആവശ്യങ്ങൾക്കും വിനോദ മേഖലകളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
ബുണ്ടബെർഗിന് സമീപമുണ്ടായ ഇ-സ്കൂട്ടർ അപകടത്തിൽ 13 വയസ്സുകാരൻ മരിച്ചതും അപകടങ്ങൾ വർധിച്ചതുമാണ് കർശന നിയന്ത്രണങ്ങളിലേക്ക് കടക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ജൂലൈ മാസം മുതൽ ഇതുവരെ 400 ഓളം അനധികൃത ഉപകരണങ്ങൾ പിടിച്ചെടുക്കുകയും 1,750 ഓളം പേർക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് നിയമം അനിവാര്യമാണെന്ന് അനുകൂലിക്കുന്നവർ വാദിക്കുമ്പോൾ, സാധാരണ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള അനാവശ്യ നിയന്ത്രണമാണിതെന്ന വിമർശനവും ഉയരുന്നുണ്ട്.

