ഉത്തരാഖണ്ഡിലെ ഗുരുദ്വാരയിൽ നിഹാംഗ് സംഘത്തിന്റെ അതിക്രമം; അറസ്റ്റിലായ കൂട്ടാളികളെ വിട്ടയക്കണമെന്ന ആവശ്യം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ നഗ്രാസുവിലെ ഗുരുദ്വാരയിൽ ആയുധധാരികളായ നിഹാംഗ് സിഖ് സംഘം അതിക്രമിച്ച് കയറി സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഗുരുദ്വാരയിലെ ഒരു വയോധിക സിഖ് ഭക്തനെ മേൽക്കൂരയിൽ തടഞ്ഞുവെച്ച്, അടുത്തിടെ അറസ്റ്റിലായ നാല് നിഹാംഗ് അംഗങ്ങളെ മോചിപ്പിക്കണമെന്ന ആവശ്യമാണ് സംഘം ഉന്നയിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

കർണപ്രയാഗിൽ ജൂൺ 16-ന് പാർക്കിങ് തർക്കത്തെ തുടർന്നുണ്ടായ സംഘർഷക്കേസിൽ നാല് നിഹാംഗ് സിഖുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ആറംഗ നിഹാംഗ് സംഘം ശനിയാഴ്ച വൈകിട്ട് നഗ്രാസു ഗുരുദ്വാരയിലെത്തിയത്.

പ്രതിഷേധത്തിനായി എത്തുന്ന അനുയായികൾക്ക് 50 മുതൽ 60 വരെ മുറികൾ ഒരുക്കണമെന്ന് സംഘം ഗുരുദ്വാര ഭരണസമിതിയോട് ആവശ്യപ്പെട്ടെങ്കിലും അത് സാധിക്കാത്തതിനെ തുടർന്ന് അവർ അതിക്രമം നടത്തുകയും കെട്ടിടത്തിന്റെ മുകൾനിലയിൽ നിലയുറപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കുന്തം, വാൾ, കൊടുവാൾ, കിർപാൻ തുടങ്ങിയ ആയുധങ്ങൾ ഇവരുടെ കൈവശമുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

സംഭവത്തെ തുടർന്ന് ജില്ലാ ഭരണകൂടം, പൊലീസ്, മറ്റ് സുരക്ഷാസേനകൾ എന്നിവർ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ പ്രശ്നപരിഹാരമായില്ല. തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകലോ ഗുരുദ്വാര പിടിച്ചടക്കലോ നടന്നിട്ടില്ലെന്നും ഗുരുദ്വാരയിലെ പ്രാർഥനയും ലംഗർ സേവനവും തടസ്സമില്ലാതെ തുടരുകയാണെന്നും രുദ്രപ്രയാഗ് ജില്ലാ ഭരണകൂടം പിന്നീട് വിശദീകരിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരുകയാണെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *