പാലക്കാട്: പിരായിരി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഞാറ്റുവേലച്ചന്തയുടെയും കര്‍ഷകസഭയുടെയും ഉദ്ഘാടനം രമേശ് പിഷാരടി എം.എൽ.എ. നിര്‍വഹിച്ചു. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനങ്ങളും മഴയുടെ അളവും കൃത്യമായി വിലയിരുത്തുന്നതിനായി പഞ്ചായത്തില്‍ പുതുതായി സ്ഥാപിച്ച മഴമാപിനിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ഞാറ്റുവേലച്ചന്തയുടെ ഭാഗമായി കർഷകർക്കായി വിവിധയിനം പച്ചക്കറി വിത്തുകൾ, തൈകള്‍, ജൈവകീടരോഗ നിയന്ത്രണ ഉപാധികൾ എന്നിവയുടെ വിതരണം നടന്നു. കൂടാതെ ഫലവൃക്ഷത്തൈകള്‍, ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍, ജൈവവളങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും വില്‍പ്പനയും ചന്തയില്‍ ഒരുക്കിയിരുന്നു. മികച്ച രീതിയിൽ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചർച്ചകളും കർഷകസഭയിൽ നടന്നു.
പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഇസ്മായില്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ. നന്ദകുമാര്‍ പദ്ധതി വിശദീകരണം നടത്തി. ആത്മ പ്രോജക്ട് ഡയറക്ടര്‍ വി. ഭാഗ്യലത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സൗജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നന്ദബാലന്‍, ഇഖ്ബാല്‍, റബീന, സന്ദീപ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രശ്മി കൃഷ്ണന്, കൃഷി ഓഫീസര്‍ പി. അജിത് തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

