തീരദേശങ്ങളിൽ അനധികൃതമായി തമ്പടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി നൂസ കൗൺസിൽ; വൻ തുക പിഴ

ക്വീൻസ്‌ലാൻഡ്: ഓസ്‌ട്രേലിയൻ സംസ്ഥാനമായ ക്വീൻസ്‌ലാൻഡിലെ ജനപ്രിയ തീരദേശ മേഖലകളിൽ അനധികൃതമായി തമ്പടിക്കുന്ന ക്യാമ്പർമാർക്കെതിരെ നൂസ കൗൺസിൽ നടപടി ശക്തമാക്കി. നാല് ആഴ്ചയ്ക്കിടെ നടത്തിയ രണ്ടാമത്തെ കർശന പരിശോധനയിൽ 13 പേർക്ക് പിഴ ചുമത്തുകയും ഒരാൾക്ക് താക്കീത് നൽകുകയും ചെയ്തു. നിയമലംഘനം നടത്തുന്നവരിൽ നിന്നും 322 ഡോളർ വീതമാണ് പിഴയായി ഈടാക്കുന്നത്. കഴിഞ്ഞ രണ്ട് പരിശോധനകളിലുമായി ആകെ 37 പേർക്കെതിരെയാണ് കൗൺസിൽ നടപടിയെടുത്തത്.

അംഗീകൃത ക്യാമ്പിംഗ് സൈറ്റുകളിലെ ഒരു ദിവസത്തെ താമസച്ചെലവിനേക്കാൾ ഉയർന്ന തുകയാണ് ഇതെന്നും നൂസ ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ ഡയറക്ടർ റിച്ചാർഡ് മാക്ഗില്ലിവ്രേ നേരത്തെ വ്യക്തമാക്കിയിരുന്നു. ബീച്ചുകളിലെയും പാർക്കുകളിലെയും പാർക്കിംഗ് സ്ഥലങ്ങൾ ക്യാമ്പർ വാനുകൾ ദീർഘനേരം കൈയടക്കി വെക്കുന്നതിനെതിരെ പ്രദേശവാസികളിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കൗൺസിലിന്റെ ഈ ശക്തമായ ഇടപെടൽ.

ബോധവൽക്കരണം, നിയമപാലനം, കുറഞ്ഞ ചെലവിലുള്ള ക്യാമ്പിംഗ് സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ച് മാത്രമേ ഈ സങ്കീർണ്ണമായ പ്രശ്നം പരിഹരിക്കാൻ സാധിക്കൂ എന്ന് പ്രാദേശിക കൗൺസിലർ അമെലിയ ലോറെന്റ്‌സൺ പറഞ്ഞു. നൂസ മേഖലയിൽ ഇത്തരം ക്യാമ്പിംഗ് ഓപ്ഷനുകൾ 15 ഡോളർ മുതൽ ലഭ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, ഇതേ പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്ന യഥാർത്ഥ ഭവനരഹിതരായ ആളുകളെ കൗൺസിൽ തുടർന്നും പിന്തുണയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *