സിഡ്നി: ഓസ്ട്രേലിയയിൽ നടപ്പിലാക്കിയ പുതിയ മൂലധന നേട്ട നികുതി പരിഷ്കാരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ഹാസ്യതാരം ഡേവ് ഹ്യൂസ്. സ്വകാര്യ നിക്ഷേപങ്ങളിലൂടെ സമ്പത്ത് കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ആന്റണി അൽബനീസിന് വ്യക്തിപരമായ അനുഭവസമ്പത്തില്ലെന്ന് ഹ്യൂസ് തുറന്നടിച്ചു. ‘സ്ട്രെയിറ്റ് ടോക്ക്’ എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പണം സമ്പാദിക്കാനുള്ള വഴി എന്താണെന്ന് അൽബനീസിന് അറിയില്ല. അദ്ദേഹം ഒരിക്കലും അത്തരത്തിൽ പ്രവർത്തിച്ചിട്ടില്ല. സർക്കാർ ശമ്പളത്തിലൂടെ മാത്രമാണ് അദ്ദേഹം പണമുണ്ടാക്കിയിട്ടുള്ളത്,” ഹ്യൂസ് വിമർശിച്ചു.
നിലവിലെ 50 ശതമാനം മൂലധന നേട്ട നികുതി ഇളവ് റദ്ദാക്കി, ഭാവിയിലെ നിക്ഷേപ നേട്ടങ്ങൾക്ക് കുറഞ്ഞത് 30 ശതമാനം നികുതി ഏർപ്പെടുത്താനുള്ള ഓസ്ട്രേലിയയിലെ പുതിയ നിയമം സാധാരണക്കാരെ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഈ പരിഷ്കാരം ‘ഭ്രാന്തമായ’ നടപടിയാണെന്നും, കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുൻപ് ഇത്തരമൊരു മാറ്റം ലേബർ പാർട്ടി വാഗ്ദാനം ചെയ്തിരുന്നില്ലെന്നും ഹ്യൂസ് ചൂണ്ടിക്കാട്ടി. ഇത് വോട്ടർമാരോടുള്ള വഞ്ചനയാണെന്നും, ഇത്രത്തോളം കള്ളം പറയുന്നത് രാഷ്ട്രീയ സംവിധാനത്തോടുള്ള വിശ്വാസം തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

