മേലുകാവ്: മേലുകാവ് ഹെൻറി ബേക്കർ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സപ്തദിന ക്യാമ്പ് ‘യുവധാര 2026’ ഇരുമാപ്രാമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂളിൽ ആരംഭിച്ചു. ഓഗസ്റ്റ് 21 മുതൽ 27 വരെയാണ് ക്യാമ്പ് നടക്കുന്നത്. യുവജനങ്ങളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും നാടിന്റെ വികസന പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ബോധവൽക്കരണ ക്ലാസുകൾ, പച്ചക്കറിത്തോട്ട നിർമ്മാണം, ലഘുലേഖ വിതരണം, നേച്ചർ വാക്ക് തുടങ്ങിയ വിവിധ കർമ്മപരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടക്കും.
ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് ഐ.ക്യു.എ.സി കോഡിനേറ്റർ ജസ്റ്റിൻ ജോസ് അധ്യക്ഷത വഹിച്ചു. മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി ടോമി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് കേരള ഡയോസിസ് ബിഷപ്പ് സെക്രട്ടറി റവ. മാക്സിൻ ജോൺ അനുഗ്രഹ പ്രഭാഷണം നടത്തി. മേലുകാവ് ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ സുനിൽ സുകുമാരൻ, എം.ഡി.സി.എം.എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലിന്റാ ദാനിയേൽ, ലയൺസ് ക്ലബ്ബ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്ററും പൂർവ്വ വിദ്യാർത്ഥി പ്രസിഡന്റുമായ ലയൺ സിബി മാത്യു പ്ലാത്തോട്ടം എന്നിവർ ആശംസകൾ നേർന്നു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ഉമാറാണി ആർ സ്വാഗതവും എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി അമിഷ വിൻസന്റ് നന്ദിയും പറഞ്ഞു. പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ഗിരീഷ് കുമാർ ജി.എസ്, ഐ.ക്യു.എ.സി കോഡിനേറ്റർ ജസ്റ്റിൻ ജോസ്, വോളന്റിയർ സെക്രട്ടറിമാരായ ആന്റോ അനിൽ, അമിഷ വിൻസന്റ് എന്നിവരാണ് ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

