മെൽബൺ: വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പിന് മുന്നോടിയായി മെൽബണിലെ പ്രധാന ഹിന്ദു ക്ഷേത്രങ്ങൾ സന്ദർശിച്ച് പ്രാർത്ഥന നടത്തി വൺ നേഷൻ പാർട്ടിയുടെ കോറോറോയിറ്റ് മണ്ഡലം സ്ഥാനാർത്ഥി സെവ മെൽനിക്കോവ്. ഡീൻസൈഡിലെ മുരുകൻ ക്ഷേത്രം, റോക്ക്ബാങ്കിലെ സ്വാമിനാരായൺ ക്ഷേത്രം എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ക്ഷേത്രങ്ങളിൽ നടന്ന പൂജകളിലും ആചാരങ്ങളിലും പങ്കെടുത്ത അദ്ദേഹം പുരോഹിതരിൽ നിന്നും സമുദായ അംഗങ്ങളിൽ നിന്നും അനുഗ്രഹം തേടി. സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച മെൽനിക്കോവ്, തനിക്ക് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും അനുഗ്രഹങ്ങൾക്കും നന്ദി അറിയിച്ചു.
ബഹുസ്വരതയ്ക്ക് പകരം ഒറ്റ സംസ്കാരം എന്ന ആശയത്തെ പരസ്യമായി പിന്തുണയ്ക്കുന്ന രാഷ്ട്രീയ നിലപാടുള്ള വൺ നേഷൻ പാർട്ടിയുടെ പ്രതിനിധി ഹിന്ദു ക്ഷേത്രങ്ങൾ സന്ദർശിച്ചത് രാഷ്ട്രീയ-സാമൂഹിക കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. തങ്ങളുടെ ആചാരങ്ങളെയും സംസ്കാരങ്ങളെയും അടുത്തറിയാൻ സ്ഥാനാർത്ഥി എത്തിയത് സന്തോഷകരമാണെന്ന് വിക്ടോറിയയിലെ ഹിന്ദു സമൂഹാംഗമായ മനു ശർമ്മ ‘ദി ആസ്ട്രേലിയ ടുഡേ’യോട് പ്രതികരിച്ചു. എന്നാൽ ക്ഷേത്രത്തിലേക്ക് സ്ഥാനാർത്ഥികളെ സ്വാഗതം ചെയ്യുന്നതും തങ്ങളുടെ ആശങ്കകൾ പങ്കുവെക്കുന്നതും അവർക്കുള്ള രാഷ്ട്രീയ പിന്തുണയായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനുപുറമെ, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷ്യധാന്യങ്ങളും അവശ്യസാധനങ്ങളും എത്തിക്കുന്നതിനായി സംഘടിപ്പിച്ച ദീപാവലി ഫുഡ് ഡൊണേഷൻ ഡ്രൈവിനും മെൽനിക്കോവ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഇന്റർനാഷണൽ ഐഡൽ മോക്ഷ സേവ’യുമായി സഹകരിച്ച് ഒക്ടോബർ 19 മുതൽ നവംബർ 16 വരെയാണ് ഈ കാരുണ്യപദ്ധതി നടക്കുന്നത്.

