മെൽബൺ: ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ലഭിച്ച ചോക്ലേറ്റിനുള്ളിൽ തയ്യൽ സൂചികൾ കണ്ടെത്തിയെന്ന വെളിപ്പെടുത്തൽ മെൽബണിലെ രക്ഷിതാക്കൾക്കിടയിൽ ആശങ്ക പടർത്തുന്നു. ട്രിക്ക്-ഓർ-ട്രീറ്റിംഗിനിടെ മകന് ലഭിച്ച ‘ചെറി റൈപ്പ്’ (Cherry Ripe) ചോക്ലേറ്റിനുള്ളിൽ നിന്നാണ് രണ്ട് സൂചികൾ കണ്ടെത്തിയതെന്ന് വ്യക്തമാക്കി ഇന്ത്യൻ വംശജയായ ഒരമ്മയാണ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് പങ്കുവെച്ചത്.
വിവരം പുറത്തുവന്നതോടെ കടുത്ത ആശങ്കയും സംശയങ്ങളും ഉന്നയിച്ച് നിരവധി ആളുകൾ രംഗത്തെത്തി. ചോക്ലേറ്റിന്റെ പാക്കറ്റ് പൊട്ടിച്ചപ്പോൾ തന്നെ അത് രണ്ടായി പിളർന്ന നിലയിലായിരുന്നോ എന്നും പുറമേനിന്ന് സൂചി എങ്ങനെ അകത്തു കടത്താൻ കഴിഞ്ഞുവെന്നും ചിലർ സംശയം പ്രകടിപ്പിച്ചു. എന്നാൽ പാക്കറ്റ് തുറക്കാതെ തന്നെ ഫോയിൽ കവറിലൂടെ സൂചി അകത്തേക്ക് കുത്തിക്കയറ്റാൻ സാധിക്കുമെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് നൽകുന്ന മധുരപലഹാരങ്ങളിൽ മനഃപൂർവം ഇത്തരം അപകടകരമായ വസ്തുക്കൾ തിരുകിക്കയറ്റുന്ന പ്രവണതയ്ക്കെതിരെ കടുത്ത രോഷമാണ് ഉയരുന്നത്. മുൻപ് കോൾസിൽ നിന്ന് വാങ്ങിയ ആപ്പിളിനുള്ളിൽ സമാന രീതിയിൽ സൂചി കണ്ടെത്തിയ സംഭവവും ചിലർ ഓർത്തെടുത്തു. മധുരം എവിടെനിന്നാണ് ശേഖരിച്ചതെന്ന് കണ്ടെത്താൻ കുട്ടികൾ സഞ്ചരിച്ച വഴി പരിശോധിക്കണമെന്ന് രക്ഷിതാക്കളോട് പലരും നിർദേശിച്ചു.
ഈ സംഭവം 2018-ൽ ഓസ്‌ട്രേലിയയെ പിടിച്ചുകുലുക്കിയ ‘സ്ട്രോബെറി സൂചി വിവാദ’ത്തിന്റെ ഓർമ്മകളാണ് ഉണർത്തുന്നത്. അന്ന് സൂപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ സ്ട്രോബെറിയിൽ സൂചി കണ്ടെത്തിയതിനെ തുടർന്ന് രാജ്യവ്യാപകമായി 68 ബ്രാൻഡുകളിലായി 230-ലധികം സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും പഴങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തിരുന്നു.
അതേസമയം, മെൽബണിൽ റിപ്പോർട്ട് ചെയ്ത സംഭവം മനഃപൂർവമുള്ള കൃത്രിമത്വമാണോ എന്നതിലോ, ചോക്ലേറ്റിൽ സൂചി കണ്ടെത്തിയത് പോലീസിന്റെ ഔദ്യോഗിക പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ടോ എന്നതിലോ ഇതുവരെ വ്യക്തത വന്നിട്ടില്ല. എങ്കിലും മുൻകരുതൽ എന്ന നിലയിൽ, ഹാലോവീൻ ആഘോഷങ്ങളിൽ കുട്ടികൾക്ക് ലഭിച്ച പലഹാരങ്ങൾ നൽകുന്നതിന് മുൻപ് രക്ഷിതാക്കൾ അവ സൂക്ഷ്മമായി പരിശോധിക്കണമെന്നും എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

