മിഡ്ലാൻഡ്സ്: ജനകീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് യു.കെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനങ്ങൾക്ക് ബാൺസ്‌ലിയിൽ തുടക്കമായി. ‘നീതിമാന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം’ എന്ന തലക്കെട്ടോടെ ഐ.ഓ.സി യു.കെ – കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. യു.കെയുടെ വിവിധ ഭാഗങ്ങളിലായി പത്തോളം ഇടങ്ങളിൽ വച്ചാണ് അനുസ്മരണ സമ്മേളനങ്ങൾ നടക്കുക.
ബാൺസ്‌ലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച ആദ്യ അനുസ്മരണ ചടങ്ങിൽ പ്രവർത്തകർ ഉമ്മൻ ചാണ്ടി സ്മൃതി ദീപം തെളിച്ചു. ചടങ്ങുകൾക്ക് വിനീത് മാത്യു, അലൻ ഓവിൽ, ജസ്റ്റിൻ ബേബി, വിനീഷ് വിജയകുമാർ, ലിജോ വർഗീസ്, നിതിൻ ഡാനിയേൽ, നിമിഷ ജോസഫ്, ടിന്റു വിനീത് എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡന്റ് ബിബിൻ രാജ് കുരീക്കൻപറ, ജനറൽ സെക്രട്ടറി രാജുൽ രമണൻ എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
വരും ദിവസങ്ങളിൽ പ്രസ്റ്റൺ, ലിവർപൂൾ, ലെസ്റ്റർ, സ്കോട്ട്ലാൻഡ്, ബ്ലാക്ക്പൂൾ, കവൻട്രി, പീറ്റർബോറോ, നോർത്തംപ്റ്റൺ, വുൾഹംപ്റ്റൺ, ആസ്റ്റൺ അണ്ടർ ലൈൻ തുടങ്ങിയ പത്തിടങ്ങളിൽ ഐ.ഓ.സിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനങ്ങൾ നടക്കും. ഇതിൽ ലെസ്റ്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങുകൾ ഏറ്റുമാനൂർ എം.എൽ.എയും കോട്ടയം ഡി.സി.സി അധ്യക്ഷനുമായ നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അജയ് ജ്യൂവൽ കുര്യാക്കോസും ഈ ചടങ്ങിൽ പങ്കെടുക്കും.
ലിവർപൂൾ യൂണിറ്റ് സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം റവ. ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ നിർവ്വഹിക്കും. വിവിധയിടങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ ഐ.ഓ.സി യു.കെ – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. വരാനിരിക്കുന്ന ചടങ്ങുകൾക്ക് ബിബിൻ കാലയിൽ, പീറ്റർ പൈനാടത്ത്, ജഗൻ പടച്ചിറ, മിഥുൻ എം, ഡോ. ജോബിൻ സെബാസ്റ്റ്യൻ, റോയ് ജോസഫ്, ജോർജ് ജോൺ, ടോം, ഐപ്പ് കുര്യൻ എന്നിവർ നേതൃത്വം നൽകും.

