കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് കാതോട് കാതോരം; ബോർഡിൽ സ്വന്തം കൈകൊണ്ട് അമ്മ എന്നെഴുതി മമ്മൂട്ടി, കണ്ണീരണിഞ്ഞ് മാതാപിതാക്കൾ

ആലുവ: ജന്മനാ കേൾവിശേഷിയും സംസാരശേഷിയുമില്ലാതെ നിശ്ശബ്ദതയിലായിരുന്ന ഒരു കൂട്ടം കുരുന്നുകൾക്ക് കേൾവിയുടെയും ശബ്ദത്തിന്റെയും പുതിയ ലോകം തുറന്നുനൽകി നടൻ മമ്മൂട്ടി. ആലുവ രാജഗിരി ആശുപത്രിയും മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ‘കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും’ സംയുക്തമായി നടപ്പിലാക്കുന്ന ‘കാതോട് കാതോരം’ പദ്ധതിയിലൂടെ സൗജന്യമായി കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ സംഗമവേദി ഹൃദയസ്പർശിയായ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

ചടങ്ങിലേക്ക് അപ്രതീക്ഷിത അതിഥിയായി എത്തിയ മമ്മൂട്ടി, കേൾവി തിരിച്ചുകിട്ടിയ കുരുന്നുകളെ സാക്ഷിയാക്കി വേദിയിലെ ബോർഡിൽ സ്വന്തം കൈകൊണ്ട് എഴുതിയത് ലോകത്തിലെ ഏറ്റവും മനോഹരമായ വാക്കാകുന്ന ‘അമ്മ’ എന്നായിരുന്നു. ലക്ഷങ്ങൾ ചെലവുവരുന്ന ശസ്ത്രക്രിയയിലൂടെ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് പുതുജീവിതം തിരികെ ലഭിച്ചതിന്റെ ചാരിതാർത്ഥ്യത്തിൽ വേദിയിലിരുന്ന അമ്മമാർ കണ്ണീരണിഞ്ഞത് ഏവരെയും വികാരഭരിതരാക്കി. സാമ്പത്തിക പ്രയാസങ്ങൾ കാരണം ചികിത്സ വഴിമുട്ടിപ്പോയ നിർധനരായ കുട്ടികൾക്കാണ് ‘കാതോട് കാതോരം’ പദ്ധതിയിലൂടെ സൗജന്യ ചികിത്സയും തുടർപരിശീലനങ്ങളും ലഭ്യമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *